തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹറയ്ക്കെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി തള്ളി. ഒരു പ്രത്യേക കമ്പനിയുടെ പെയിന്റ് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ അടിക്കാൻ ബെഹ്റ നിർദേശിച്ചു എന്ന് ആരോപിച്ചു നൽകിയ ഹർജിയാണു വിജിലൻസ് പ്രത്യേക കോടതി ജഡ്ജി തള്ളിയത്.
2015 ൽ ഗുജറാത്തിൽ നടന്ന കേന്ദ്ര പോലീസ് മേധാവികളുടെ സമ്മേളനത്തിൽ നിർദേശിച്ച പ്രകാരം പോലീസ് സ്റ്റേഷനുകൾക്ക് ഏകീകൃത നിറം നൽകാൻ ആ നിറത്തിന്റെ കളർ കോഡ് മാതൃകയാണു സർക്കുലറിൽ നൽകിയിരുന്നത് എന്നു വിജിലൻസ് നൽകിയ ഇടക്കാല റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഹർജി തള്ളുന്നതെന്ന് കോടതി ഉത്തരവിൽ പറയുന്നു.
സെൻകുമാറിനു വേണ്ടി ബെഹ്റ സംസ്ഥാന പോലീസ് മേധാവി സ്ഥാനം ഒഴിയുന്നതിനു രണ്ടു ദിവസം മുമ്പാണ് കേരളത്തിലെ 500 ൽ പരം പോലീസ് സ്റ്റേഷനുകളിൽ ഡ്യൂലക്സ് കമ്പനിയുടെ പെയ്ന്റ് അടിക്കണമെന്ന് സർക്കുലർ ഇറക്കിയിരുന്നുവെന്നും ഇതു കാരണം കോടിക്കണക്കിനു രൂപയുടെ അഴിമതി നടന്നു എന്നുമായിരുന്നു സ്വകാര്യ ഹർജിയിലെ ആരോപണം.