തിരുവനന്തപുരം: സരിത എസ് നായർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുൾപ്പെടെയുള്ളവർക്കെതിരെ നൽകിയ പരാതി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ചിന് കൈമാറി. സരിത മുൻപ് നൽകിയ പരാതിയും ക്രൈംബ്രാഞ്ചിന്റെ പക്കലുണ്ട്. ഇന്നലെയാണ് ഉമ്മൻചാണ്ടിക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങൾക്കെതിരെയും അന്വേഷണ സംഘത്തിനെതിരെയും സരിത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്.
ദൂതൻ മുഖേനയാണ് സരിത മുഖ്യമന്ത്രിക്ക് 17 പേജുള്ള പരാതി നൽകിയത്. സരിതയുടെ പരാതി മുഖ്യമന്ത്രിക്ക് ഡിജിപിക്ക് കൈമാറിയിരുന്നു. തുടർന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ ക്രൈംബ്രാഞ്ച് മേധാവി മുഹമ്മദ് യാസിന് പരാതി കൈമാറിയത്.
സരിതയുടെ പരാതിയിൽ തിടുക്കപ്പെട്ട് കേസെടുക്കേണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് അടുത്ത മാസം ഒൻപതിന് നിയമസഭ ചർച്ച ചെയ്യാനിരിക്കെ പോലീസ് കൈക്കൊള്ളുന്ന നടപടികൾ കോടതിയിൽ ചോദ്യം ചെയ്യപ്പെടാൻ ഇടയാക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം ലഭിച്ചിട്ടുണ്ട്.
പരാതി സംബന്ധിച്ച് എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമെ ക്രൈംബ്രാഞ്ചിന്റെ ഭാഗത്ത് നിന്നും തുടർ നടപടികൾ ഉണ്ടാകാൻ സാധ്യതയുള്ളുവെന്നാണ് ലഭിക്കുന്ന വിവരം.