ചണ്ഡീഗഡ്: ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് (95) അന്തരിച്ചു. ചണ്ഡീഗഡിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്താലാണ് ബല്‍ബീര്‍ സിംഗിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്.
ബൽബീർ ഇന്ത്യക്കായി ഹാട്രിക് ഒളിന്പിക് സ്വർണം നേടിയ താരമാണ്. ഒളിന്പിക്സ് പുരുഷ ഹോക്കി ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം കൂടിയാണ് താരം. 1952 ഹെൽസിങ്കി ഒളിന്പിക്സിൽ നെതർലൻഡ്സിനെതിരായ ഫൈനലിൽ അഞ്ചു ഗോൾ നേടിയിരുന്നു. 6-1നായിരുന്നു അന്ന് ഇന്ത്യൻ ജയം.
1948, 1956 ഒളിന്പിക്സുകളിൽ സ്വർണം നേടിയ ടീമിലെയും നിർണായക സാന്നിധ്യമായിരുന്നു ബൽബിർ. 1958 ടോക്കിയോ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡലും നേടി. 1975-ൽ ഹോക്കി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ പരിശീലകനുമായിരുന്നു. അർഹതയ്ക്കുള്ള അംഗീകാരമായി 1957ൽ പദ്മശ്രീ പുരസ്കാരം ബൽബീർ സിംഗിനെ തേടിയെത്തി.