റഷ്യന്‍ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടറില്‍ ആദ്യ പകുതിയില്‍ തന്നെ ബെല്‍ജിയത്തോട് രണ്ട് ഗോളിന് പിറകില്‍ നിന്ന ബ്രസീലിനെ ട്രോളി മന്ത്രി എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ആദ്യ പകുതി പിന്നിടുമ്പോള്‍, ബെല്‍ജിയത്തിനെതിരെ രണ്ട് ഗോളിന് പിന്നില്‍ നില്‍ക്കുകയായിരുന്നു ബ്രസീല്‍. ഇതിനെ കളിയാക്കികൊണ്ടായിരുന്നു മണിയാശാന്റെ പോസ്റ്റ്.
‘ചങ്കിടിപ്പല്ല ചങ്കുറപ്പാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല അണ്ണാ… കാനറി പട അല്ല കാലിടറി പട…..’ എന്നായിരുന്നു മണിയാശാന്റെ പോസ്റ്റ്. ബ്രസീല്‍ ആരാധകനായ മറ്റൊരു മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെ ഉന്നംവെച്ചാണ് അര്‍ജന്റീനന്‍ ആരാധകനായ മണിയുടെ ഫേസ്ബുക്ക് പോസ്റ്റെന്ന് എല്ലാവര്ക്കും മനസിലായി.
ആദ്യഗോള്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയ ബ്രസീലിന് ഡിബ്ര്യുയിനിനാണ് വീണ്ടും തിരിച്ചടി നല്‍കിയത്. ഡിബ്ര്യുയിനിന്റെ അത്യുജ്ജ്വല ലോങ്ങ് റേഞ്ചറാണ് ബെല്‍ജിയത്തിന് രണ്ടാം ഗോള്‍ നേടിക്കൊടുത്തത്.
ലുക്കാക്കുവില്‍ നിന്ന് പാസ്സ് സ്വീകരിച്ച് മുന്നേറിയ ഡിബ്ര്യുയിന്‍ പോസ്റ്റിന്റെ ഇടത് മൂലയില്‍ പന്ത് എത്തിക്കുകയായിരുന്നു. ബെല്‍ജിയത്തിന്റെ ആദ്യ ഗോള്‍ വന്നത് ഫെര്‍ണാണ്ടീഞ്ഞോയുടെ തോളില്‍ തട്ടി പോസ്റ്റിലെത്തിയ ഒരു സെല്‍ഫ് ഗോള്‍ വഴിയായിരുന്നു.
ഇതിനിടെ ലഭിച്ച കോര്‍ണറും ബെല്‍ജിയത്തിന് അനുകൂലം ആവുകയായിരുന്നു. കസമെറോ ഇല്ലാതെയാണ് ഇറങ്ങിയതെന്നതും ബ്രസീലിന്റെ തിരിച്ചടിയുടെ ആക്കം കൂട്ടി.