ഓരോ മോഷ്ടാവും വളരെയധികം ബുദ്ധിമാൻമാരാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഈ ധാരണ പൊളിച്ചെഴുതിയിരിക്കുകയാണ് ബെൽജിയത്തിൽ നിന്നുള്ള ആറു മോഷ്ടാക്കൾ.
ബെൽജിയത്തിലുള്ള ഒരു ഇ-സിഗരറ്റ് ഷോപ്പിലാണ് ആറുപേരടങ്ങിയ സംഘം മോഷണത്തിനായി എത്തിയത്. ഈ സമയം കടയുടെ ഉടമ ഇവിടെയുണ്ടായിരുന്നു. മോഷ്ടാക്കളെ കണ്ട് അമ്പരന്ന ഉടമ ആദ്യമൊന്നു പതറിയെങ്കിലും ധൈര്യം സംഭരിച്ച് അവരോടു പറഞ്ഞു, എന്റെ പക്കൽ ഒരുപാട് പണമുണ്ട് നിങ്ങൾ പോയിട്ട് അൽപ്പ സമയത്തിനു ശേഷം വരൂ, അപ്പോഴേക്കും ഞാൻ പണം തയാറാക്കി വയ്ക്കം. ഏകദേശം പതിനഞ്ചു മിനിട്ട് ഉടമയുമായി സംസാരിച്ചതിനു ശേഷമാണ് മോഷ്ടാക്കൾ ഇവിടെ നിന്നും മടങ്ങിയത്.
ഉടമയുടെ വാക്ക് വിശ്വസിച്ച് ഇവിടെ നിന്നും മടങ്ങി അൽപ്പ സമയത്തിനു ശേഷം ഇതേ സ്ഥലത്തേക്കു തന്നെ മടങ്ങി വന്ന മോഷ്ടാക്കളെ കാത്തിരുന്നത് പോലീസായിരുന്നു. താൻ ആദ്യം പോലീസുമായി ബന്ധപ്പെട്ടപ്പോൾ മോഷ്ടാക്കൾ മടങ്ങിവരാൻ സാധ്യതയില്ലെന്നായിരുന്നു അവർ പറഞ്ഞതെന്ന് കടയുടമ പറഞ്ഞു. കട അടയ്ക്കുന്ന സമയം വൈകുന്നേരം 5:30ന് ഇവിടെയെത്തിയ മോഷ്ടാക്കൾ അതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് രണ്ടാമതെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സമയം ഇവരെ പിടികൂടാൻ തയാറായി പോലീസ് എത്തിയിരുന്നു. അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബെൽജിയത്തിലെ മണ്ടന്മാരായ കള്ളന്മാർ എന്നാണ് ഏവരും ഈ മോഷ്ടാക്കളെ വിശേഷിപ്പിക്കുന്നത്.