ലോകകപ്പ് ഫുട്ബോളിനു സജ്ജമാകാൻ ബെൽജിയൻ ടീമിനു പരിശീലനത്തിനായി പുതിയ സാങ്കേതിക വിദ്യ. 2000 പൗണ്ട് വില വരുന്ന ടെക്ബോൾ ടേബിളാണ് കോച്ച് റോബർട്ടോ മാർട്ടിനസ് അവതരിപ്പിച്ചിരിക്കുന്നത്.
ബെൽജിയം ടീമിന്റെ കഴിഞ്ഞ തിങ്കളാഴ്ചത്തെ പരിശീലനത്തിൽ പ്രധാന ഘടകമായിരുന്നു ഈ ടെക്ബോൾ ടേബിൾ. പന്തടക്കം സൂക്ഷമമായി പരിശീലിക്കാൻ ഈ കളി സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ടേബിൾ വയർ ചെയ്യപ്പെടുകയും കളിക്കാർ എതിരാളിയുടെ വശത്തുനിന്ന് നിലത്ത് തൊടാതെ പന്ത് അടിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത്. മറ്റു കളിക്കാർ പന്തിന്റെ നീക്കം ശ്രദ്ധിക്കുകയും തുടർന്നു ഗോൾ പോസ്റ്റിനെ ലക്ഷ്യമാക്കുകയും ചെയ്യുന്ന ഒരു വിശേഷപ്പെട്ട രീതിയാണ് കോച്ച് അവതരിപ്പിക്കുന്നത്. ലോകകപ്പിന്റെ സമയബന്ധിതമായ ഷെഡ്യൂളിനു മുന്നോടിയായി ബെൽജിയം കളിക്കാർ ഈ രീതി സ്വായത്തമാക്കിയെന്നാണ് കോച്ച് അവകാശപ്പെടുന്നത്.
ഗ്രൂപ്പ് ജിയിൽ ബെൽജിയത്തിന്റെ എതിരാളികൾ പാനമ, ടുണീഷ്യ ഇംഗ്ലണ്ട് എന്നിവയാണ്. ജൂണ്‍ 18 നാണ് ബെൽജിയത്തിന്റെ ആദ്യ മൽസരം. പാനമയുമായി സോച്ചിയിലാണ് ഏറ്റുമുട്ടുന്നത്. ഫിഫ റാങ്കിംഗിൽ ബെൽജിയത്തിന് മൂന്നാം സ്ഥാനമാണ്.
ജോസ് കുന്പിളുവേലിൽ