പാലാ: ഒറ്റപ്പെട്ടു താമസിക്കുന്നവർ പാലാ പോലീസിന്റെ കരുതൽ. മുതിർന്ന പൗരൻമാർക്കു സുരക്ഷ ഒരുക്കി പോലീസിന്റെ ബെൽ ഓഫ് ഫെയ്ത്ത് പദ്ധതി പാലാ സബ് ഡിവിഷനു കീഴിലുള്ള ഏഴു പോലീസ് സ്റ്റേഷൻ പരിധിയിൽ നടപ്പാക്കുകയാണ്.
മുതിർന്ന പൗരൻമാർക്കും സ്ത്രീകളും കുട്ടികളും രാത്രിയിൽ തനിച്ചു കഴിയുന്നവർക്കും പദ്ധതി പ്രയോജനം ലഭിക്കും.
റിമോട്ട് കണ്ട്രോളും മോട്ടോറുമുള്ള ചെറിയ ഒരു ഉപകരണമാണിത്. ആവശ്യ സമയത്ത് റിമോട്ട് കണ്ട്രോൾ ബട്ടണിൽ വിരലമർത്തിയാൽ വലിയ ഉച്ചത്തിൽ അലാറം മുഴങ്ങും. ഇത് 200 മീറ്റർ അകലെ വരെ കേൾക്കാനാവും.
അലാറം അയൽവാസികളുടെ ശ്രദ്ധയിൽപ്പെടുകയും അവർ കാര്യം അന്വേഷിച്ചെത്തുകയും വേണമെങ്കിൽ പോലീസിൽ വിവരം അറിയിക്കുകയും ചെയ്യും. പോലീസ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തിയാണ് ഉപകരണം സ്ഥാപിക്കുന്നതും പ്രവർത്തനരീതി വിശദീകരിക്കുന്നതും.
ഇത്തരത്തിൽ ഉപകരണം പിടിപ്പിക്കുന്ന വിവരം പോലീസ് ഉദ്യോഗസ്ഥർ തന്നെ അയൽവാസികളെ ധരിപ്പിക്കുകയും അവരുടെ സഹകരണം ഉറപ്പാക്കുകയും ചെയ്യും.
രാത്രിയിൽ അപരിചിതരോ മോഷ്ടാക്കളോ മുറ്റത്ത് എത്തിയാലും പ്രായമായവർ കുഴഞ്ഞുവീണാലും മറ്റ് അടിയന്തര ആവശ്യങ്ങൾ വന്നാലും ഉപകരണം പ്രവർത്തിപ്പിക്കാം.
മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കായി സംസ്ഥാന തലത്തിൽ തന്നെയുള്ള പോലീസിന്റെ പദ്ധതിയാണ്ത്. പാലാ, ഈരാറ്റുപേട്ട, തിടനാട്, മേലുകാവ്, കിടങ്ങൂർ, രാമപുരം, മരങ്ങാട്ടുപിള്ളി എന്നി സ്റ്റേഷനുകളിലാണ് പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.