ബെല്ലി ഗണ്ണസ് 1884ൽ മാഡ്സ് സോറൻസൺ എന്നയാളെ വിവാഹം കഴിച്ചിരുന്നു. സോറൻസണും ഗണ്ണസും ഒരു മിഠായി കട നടത്തുകയായിരുന്നു. ഒരു ദിവസം ഇവരുടെ വീടും കടയും കത്തി നശിച്ചു.
വീടിനും കടയ്ക്കും ഇൻഷ്വറൻസ് ഉണ്ടായിരുന്നു. ഇവർ ഇൻഷുറൻസ് തുകയ്ക്കായി അപേക്ഷ നൽകുകയും തുക ഇവർക്കു ലഭിക്കുകയും ചെയ്തു.
ഇതോടെ ഇൻഷ്വറൻസ് വലിയൊരു തട്ടിപ്പുമേഖലയാക്കി മാറ്റാനാവുമെന്ന ചിന്ത ഗണ്ണസിലുണ്ടായി. അങ്ങനെയിരിക്കെ ഗണ്ണസ് കൂടി മുൻകൈയെടുത്തു സോറൻസണിനെക്കൊണ്ട് രണ്ട് ലൈഫ് ഇൻഷ്വറൻസ് പോളിസികൾ വാങ്ങിപ്പിച്ചു. ഇതിനു ശേഷമാണ് സെറിബ്രൽ രക്തസ്രാവം മൂലം സോറൻസൺ മരിക്കുന്നത്.
ചികിത്സ നൽകിയില്ല
തലവേദനയുമായി വീട്ടിലെത്തിയതായി സോറൻസൺ. പക്ഷേ, ഗണ്ണസ് ഭർത്താവിന്റെ ചികിത്സയ്ക്കു മുൻകൈ എടുത്തില്ല. അല്ലറ ചില്ലറ പൊടിക്കൈ ചികിത്സകൾ മാത്രം ഗണ്ണസ് ഭർത്താവിനു നൽകി.
അവൾക്കു വേണ്ടത് അയാളുടെ മരണമായിരുന്നു. അങ്ങനെയൊരു നാൾ സോറൻസൺ മരിച്ചു. സോറൺസിന്റെ മരണത്തോടെ രണ്ടു പോളിസികളിൽനിന്നായി അന്നത്തെ കാലത്ത് 5,000 ഡോളർ ഗണ്ണസിനു ലഭിച്ചു. സോറൻസണിന്റെ മരണത്തെക്കുറിച്ച് ആർക്കും ഒരു സംശയവും തോന്നിയില്ല.
പക്ഷേ, എത്രയോ വർഷങ്ങൾ കഴിഞ്ഞു ഗണ്ണസും മരിച്ചു കഴിഞ്ഞിട്ടാണ് സോറൻസണിന്റേത് ഒരു കൊലപാതകമായിരുന്നുവെന്നും ഇതിൽ ഗണ്ണസിന്റെ പങ്ക് നിർണായകമായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു മനസിലായത്.
ദുരൂഹ അപകടം
പിന്നീടാണ് ഗണ്ണസ് 1901ൽ പീറ്ററിനെ വിവാഹം കഴിച്ചത്. ആദ്യത്തെ ഭർത്താവ് രോഗം മൂലം മരിച്ചുപോയി എന്ന ധാരണയായിരുന്നു എല്ലാവർക്കും ഉണ്ടായിരുന്നതെന്നതിനാൽ ഗണ്ണസുമായുള്ള വിവാഹം നടത്തുന്നതിൽ യാതൊരുവിധ ആശങ്കയും പീറ്ററിനു തോന്നിയിരുന്നില്ല.
സുന്ദരിയും ആകർഷകമായ പെരുമാറ്റവുമുണ്ടായിരുന്ന ഗണ്ണസിന്റെയുള്ളിൽ ഒരു പിശാച് ഒളിച്ചിരിപ്പുണ്ടെന്ന് ആർക്കും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.
ഗണ്ണസിനെ വിവാഹം കഴിക്കുന്പോൾ ഒരിക്കലും പീറ്റർ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, തന്റെ ജീവനാണ് പണയം വയ്ക്കുന്നതെന്ന്.
തലയോട്ടിയിലെ പരിക്കിനെത്തുടർന്നു വിവാഹം കഴിഞ്ഞ് എട്ടു മാസം കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ മരണം ഒരു അപകടമായി വിധിക്കപ്പെട്ടു.
കൊലപാതകത്തിന്റെ ചെറിയ സംശയങ്ങൾ പോലും അയാളുടെ മരണവുമായി ബന്ധപ്പെട്ട് ആർക്കും തോന്നിയിരുന്നില്ല. അപ്രതീക്ഷിതമായി ഉണ്ടായ ഒരു അപകടം എന്നാണ് എല്ലാവരും വിലയിരുത്തിയത്.
കുട്ടികളുണ്ടായിട്ടും
ഇതിനിടെ, രണ്ടു വിവാഹങ്ങളിലായി മൂന്നു മക്കളെ ഗണ്ണസ് പ്രസവിച്ചിരുന്നു. മക്കളുടെ അച്ഛൻമാരെ അതിക്രൂരമായി കൊലപ്പെടുത്താൻ അവൾക്കെങ്ങനെ മനസ് വന്നു.
പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരെ വല്ലാതെ ആശയക്കുഴപ്പത്തിലാക്കിയ ഒരു ചോദ്യമായിരുന്നു അത്.
ഹോം സ്റ്റേയിൽ തീപിടിത്തം ഒരു സാധാരണ തീപിടിത്തം അല്ലെന്നും ഇതിനു പിന്നിൽ വലിയൊരു രഹസ്യം ഒളിഞ്ഞു കിടപ്പുണ്ടെന്നും മനസിലാക്കിയ പോലീസ് വിശദമായിത്തന്നെ കാര്യങ്ങൾ അന്വേഷിക്കാൻ തീരുമാനിച്ചു.
സ്റ്റേയും പരിസരവും വിശദമായി വീക്ഷിച്ചു. ആ ഹോം സ്റ്റേയിൽനിന്നു തന്നെ കേസിന്റെ വഴിത്തിരിവാകുന്ന കാര്യങ്ങൾ പോലീസ് കണ്ടെത്തി.
(തുടരും)
പ്രണയം നടിച്ചു വലയിലാക്കുക, അവസാനം ഇരയുടെ ജീവനെടുക്കുക! അപകട കാരികളായി മാറിയ സ്ത്രീകളുടെ ഉദ്വേഗ ജനകമായ ജീവിതം