രാജകുമാരി: ശാന്തൻപാറ രാജാപ്പാറയിലെ സ്വകാര്യ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയ നിശാ പാർട്ടി കൊഴുപ്പിക്കാനെത്തിച്ചതു ലോക്ക്ഡൗണിൽ കുടുങ്ങിയ യുക്രേനിയൻ സുന്ദരിയെ. അഞ്ചു ലക്ഷം രൂപ പ്രതിഫലം നൽകിയാണു യുവതിയെ മുംബൈയിൽനിന്നു നിശാപാർട്ടിക്ക് എത്തിച്ചതെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിനു ലഭിച്ച വിവരം.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കോവിഡ് വ്യാപനം അതികലശലായ മുംബെയിൽനിന്നു നർത്തകി എത്തിയതാണ് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുന്നത്. ഇവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചു വരികയാണ്.
ലോക്ക്ഡൗണ്‍ മൂലം ഇവർ സ്വദേശത്തേക്കു മടങ്ങാനാവാതെ മുംബൈയിൽ തങ്ങുകയായിരുന്നു. പരിപാടിയിൽ പങ്കെടുത്തവർ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഘാടകനും കണ്ടാലറിയാവുന്ന 47 പേർക്കുമെതിരെ ശാന്തൻപാറ പോലീസ് കേസെടുത്തിരുന്നു.
ബെല്ലി ഡാൻസ് നർത്തകിക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ പോലീസ് നിലപാട് വ്യക്തമാക്കിയില്ല. വലിയ തോതിൽ പ്രചരണം നടത്തി സംഘടിപ്പിച്ച പാർട്ടയിൽ വിദേശ വനിതയെ എത്തിച്ചിട്ടും ഇതിനു തടയിടാൻ അധികൃതർ ശ്രമിച്ചില്ലെന്ന ആക്ഷേപമാണു ശക്തമാകുന്നത്.
സംഭവം വിവാദമായതോടെ പ്രമുഖ രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ രംഗത്തെത്തി. ഇതിനിടെ പാർട്ടിയോടനുബന്ധിച്ചു നടന്ന മദ്യസൽക്കാരത്തെപ്പറ്റി എക്സൈസും വിശദമായ അന്വേഷണം തുടങ്ങി. ഉടുന്പഞ്ചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നിശാപാർട്ടി നടന്ന രാജാപ്പാറയിലെ ജംഗിൾ പാലസ് റിസോർട്ടിലെത്തി കഴിഞ്ഞ ദിവസം വിവരങ്ങൾ ശേഖരിച്ചു.
കൊച്ചിയിൽനിന്നു മുന്തിയ ഇനം വിദേശ മദ്യം ഇവന്റ് മാനേജ്മെന്റ് സ്ഥാപനം സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് എത്തിച്ചിരുന്നുവെന്നാണു സൂചന ലഭിച്ചത്. എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ നിർദേശമനുസരിച്ചാണ് ഉടുന്പഞ്ചോല എക്സൈസ് അന്വേഷണം നടത്തിയത്.
അതേസമയം, പ്രാഥമിക പരിശോധനയിൽ നിയമലംഘനം കണ്ടെത്താനായില്ലെന്നാണു വിവരം. വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂണ്‍ 28നാണ് പരിപാടികൾ നടന്നത്. മന്ത്രി എം.എം.മണിയാണ് വീഡിയോ കോണ്‍ഫറൻസിലൂടെ സ്ഥാപനം ഉദ്ഘാടനം ചെയ്തത്.
വൈകുന്നേരം 5.30 മുതൽ ശാന്തൻപാറയ്ക്കു സമീപത്തെ രാജാപ്പാറ ജംഗിൾ പാലസ് റിസോർട്ടിലെ ഉദ്ഘാടന പരിപാടിയോടനുബന്ധിച്ചായിരുന്നു വിവാദമായ നിശാ പാർട്ടിയും യുക്രെയിനിൽനിന്നുള്ള യുവതിയുടെ ബെല്ലി ഡാൻസും നടന്നത്.
കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ക്ഷണിതാക്കളും സമീപവാസികളും ഉൾപ്പെടെ മുന്നൂറോളം പേർ പങ്കെടുത്തതായാണ് വിവരം. സംഭവം കേസിലേക്കും വിവാദത്തിലേക്കും കടന്നതോടെയാണ് രാഷ്ട്രീയ നേതൃത്വങ്ങൾ തങ്ങൾക്കു പങ്കില്ലെന്ന വാദവുമായി രംഗത്തെത്തിയത്.