തൃത്താല: എ.കെ. ഗോപാലനെതിരെയുള്ള പരാമർശത്തിന്റെ പേരിൽ വിവാദത്തിൽപ്പെട്ട വി.ടി. ബൽറാം എംഎൽഎ വീണ്ടും നിലപാടുകൾ കടുപ്പിക്കുന്നു. അതേസമയം വി.ടി. ബൽറാമിനെതിരെയുള്ള സിപിഎം-കോണ്ഗ്രസ് എതിർപ്പും ശക്തം. ഇന്ന് സിപിഎം അനുകൂല വനിതാസംഘടനകളുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിനു നേരേ മാർച്ച്.
എ.കെ. ഗോപാലനെതിരെ ആദ്യ ഫെയ്സ്ബുക്ക് പോസ്റ്റിട്ട ബൽറാം ഇന്നലെ വീണ്ടും സിപിഎമ്മിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള പോരാട്ടവുമായി മുന്നോട്ടുപോകുമെന്നാണ് വി.ടി. ബൽറാം ഇന്നലെ തൃത്താലയിൽ പറഞ്ഞത്.തൃത്താലയിൽ 20 വർഷംകൊണ്ട് ഉണ്ടാക്കാൻ കഴിയാത്ത എംഎൽഎ ഓഫീസാണ് സിപിഎം തകർത്തത്. ചില വിഗ്രഹങ്ങൾ ഉടഞ്ഞുപോകുന്പോൾ സിപിഎമ്മിന് പൊള്ളുന്നത് സ്വാഭാവികമെന്നുമായിരുന്നു വി.ടി. ബൽറാമിന്റെ പ്രതികരണം.
ഇതിനു പിന്നാലെ സിപിഎമ്മിനെ കടന്നാക്രമിച്ച് വീണ്ടും സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതും വിവാദമായിരിക്കുകയാണ്. മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റെയും ജീർണതയാണ് തെളിയിക്കുന്നതെന്നാണ് ബൽറാമിന്റെ പുതിയ ആരോപണം.
ദീർഘവീക്ഷണമുള്ള ഭരണാധികാരിയാണ് മൻമോഹൻസിംഗ്. പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ് അദ്ദേഹം. ആ മഹദ് ജീവിതത്തിന്റെ യശസിൽ ഒരു നുള്ള് മണ്ണുവീഴ്ത്തുന്നത് ഇന്ത്യയിലേയും ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരുക്കാണ്.
അദ്ദേഹത്തെ അവഹേളിച്ച മന്ത്രിക്കത് പറഞ്ഞുകൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റെയും ദുരന്തമെന്നും ബൽറാം പറയുന്നു. ബൽറാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്ഗ്രസ് സംസ്ഥാന- ജില്ലാ നേതാക്കളും രംഗത്തുണ്ട്. ഇതിനിടെ ബൽറാമിനെ തടഞ്ഞാൽ എതിർക്കുമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ പറഞ്ഞു.