പാലക്കാട്: സാന്പത്തിക തട്ടിപ്പുകേസിൽ കുടുങ്ങി ദുബായിയിൽ യാത്രാവിലക്ക് നേരിടുന്ന, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയെ ട്രോളി വി.ടി.ബൽറാം എംഎൽഎ. തന്റേതല്ലാത്ത കാരണങ്ങളാൽ ദുബായിയിൽ കുടുങ്ങിപ്പോയ കണ്ണൂർ സ്വദേശിയുടെ മോചനത്തിനായി വിദേശകാര്യ മന്ത്രിയുടെയും കുമ്മനത്തിന്റെയും ഇടപെടൽ അഭ്യർഥിക്കുന്നു എന്നായിരുന്നു ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബൽറാം ഫേസ്ബുക്കിൽ കുറിച്ചത്…
രണ്ട് ആണ്മക്കൾ,
മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാൻ പറ്റില്ല,
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാൻ പറ്റില്ല,
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാൻ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാൽ ദുബൈയിൽ കുടുങ്ങിപ്പോയ കണ്ണൂർ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്േറയും അടിയന്തര ഇടപെടൽ അഭ്യർഥിക്കുന്നു.
ചൈനയെപ്പോലെ സാമ്രാജ്യത്വ ശക്തികൾ ചുറ്റിലുംനിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.
ജാസ് ടൂറിസം കന്പനി നൽകിയ ചെക്ക് കേസിലാണ് ബിനോയിയെ ദുബായിയിലെ വിമാനത്താവളത്തിൽ തടഞ്ഞത്. ബിനോയിയുടെ പാസ്പോർട്ട് പിടിച്ചെടുത്തെന്നും വിവരങ്ങളുണ്ട്. നേരത്തെ, ബിനോയിക്ക് യാത്രാവിലക്കുണ്ടെന്ന വാർത്തകൾ കോടിയേരി ബാലകൃഷ്ണൻ നിഷേധിച്ചിരുന്നു.