കൊച്ചി: കഴിഞ്ഞ ദിവസം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം കർഷക റോഡിൽ നിന്ന് ഹാഷിഷുമായി പോലീസ് പിടികൂടിയ യുവാവിന്റെ വലയിൽ കുടുങ്ങിയത് നിരവധി സത്രീകളും വിദ്യാർഥികളും. നഗരത്തിൽ സ്ത്രീകളെയും വിദ്യാർഥികളെയും മയക്കുമരുന്നിന് അടിമകളാക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ പ്രതി. തൃപ്പൂണിത്തുറ സ്വദേശി ബെൻ സോണി (21) ആണ് പോലീസ് പിടിയിലായത്. 20 ഗ്രാം ഹാഷിഷുമായാണ് ഇയാൾ പോലീസിന്റെ പിടിയിലായത്.
പല സ്ത്രീകൾക്കും മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നതിനായും ഉപയോഗിക്കാൻ പഠിപ്പിക്കുന്നതുമായ നിരവധി സന്ദേശങ്ങളും വാട്സ്ആപ്പ് ദൃശ്യങ്ങളും ഇയാളുടെ ഫോണിൽ നിന്നും പോലീസിന് ലഭിച്ചു. ആദ്യം സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചെടുക്കുന്ന പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് പഠിപ്പിക്കുകയും സൗജന്യമായി നൽകി അടിമകളാക്കുകയും ചെയ്യും.
പിന്നീട് കൂടിയ വിലയ്ക്കാണ് ഇവർക്ക് മയക്കുമരുന്നുകൾ നൽകിയിരുന്നത്. ഇപ്രകാരം മയക്കുമരുന്നിന് അടിമകളായി കുടുംബതകർച്ച നേരിടുന്ന സ്ത്രീകളുടെയും വിദ്യാർഥിനികളുടെയും കുടുംബാംഗങ്ങളുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഡിസിപി ജി.എച്ച്. യതീഷ് ചന്ദ്രയുടെ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് അസിസ്റ്റൻറ് കമ്മീഷണർ കെ.വി. വിജയന് കിട്ടിയ രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ ഷാഡോ എസ്ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.
കടവന്ത്ര എസ്ഐ എം.കെ. സജീവൻറെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. അഡീഷണൽ എസ്ഐ നിത്യാനന്ദ പൈ, സിപിഒമാരായ ഹരിമോൻ, അഫ്സൽ, സാനു, സാനുമോൻ, ഷാജി, ഷാജിമോൻ, ഷൈമോൻ, യൂസഫ്, രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാൾക്കു ജാമ്യം ലഭിച്ചു.