മദ്യപിച്ചശേഷം കഴിഞ്ഞ സെപ്റ്റംബറിൽ ബ്രിസ്റ്റളിലെ നിശാക്ലബ്ബിന് പുറത്ത് യുവാവിനെ കൈയേറ്റം ചെയ്ത കേസിന്റെ വിസ്താരം ഉള്ളതിനാൽ ഇന്ത്യക്കെതിരായ ലോഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് കളിക്കാനിടയില്ല.
ഓഗസ്റ്റ് ആറിനാണ് വിസ്താരം ആരംഭിക്കുക. വിസ്താരം ഏഴ് ദിവസമെങ്കിലും നീളുമെന്നതിനാലാണ് സ്റ്റോക്സ് ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ ഉണ്ടാകാനിടയില്ലാത്തത്. ലോഡ്സിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഓഗസ്റ്റ് ഒന്‍പതിനാണ് ആരംഭിക്കുക.
നിശാക്ലബ്ബിനു പുറത്തെ സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ സ്റ്റോക്സിനെ ഓസ്ട്രേലിയയ്ക്കെതിരേയുള്ള ആഷസ് പരന്പരയിലും ഏകദിന പരന്പരയിലും അതിനുശേഷം നടന്ന ത്രിരാഷ് ട്ര ട്വന്റി-20 പരന്പരയിലും ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ന്യൂസിലൻഡിനെതിരേയുള്ള പരന്പരയിൽ തിരിച്ചുവിളിച്ചിരുന്നു.
ന്യൂസിലൻഡ് പര്യടനത്തിലുള്ള സ്റ്റോക്സ് കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറൻസിലൂടെ കോടതിമുന്പാകെ മൊഴി നല്കി. അടുത്ത വിസ്താരത്തിൽ നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു.