കോട്ടയം: വനിതാ ലീഗ് കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഡോ.എ മെഹ്മൂദ ബീഗവും ജനറൽ സെക്രട്ടറി ഡോ. കെ.കെ ബേനസീറും പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് രാജിവച്ചതോടെ മുസ്ലിം ലീഗ് നേതൃത്വം പ്രതിസന്ധിയിൽ.
രാജിവച്ച ഡോ. കെ.കെ ബേനസീർ ഐഎൻഎല്ലിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇവരോടൊപ്പം കൂടുതൽ വനിതാ ലീഗ് പ്രവർത്തകരും നേതാക്കളും ഐഎൻഎല്ലിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.
വനിതാ പ്രവർത്തകരും നേതാക്കളും ഐഎൻഎല്ലിലേക്ക് കൂട്ടത്തോടെ പോകാനുള്ള നീക്കം തടയിടാനുള്ള കരുനീക്കങ്ങൾ ലീഗ് നേതൃത്വം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
വലിയ പ്രതീക്ഷയോടെയാണ് തങ്ങൾ വനിതാ ലീഗിന്റെ നേതൃത്വത്തിലേക്ക് കടന്നുവന്നതെന്നും സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പിന്തുണ കിട്ടിയില്ലെന്നും രാജിവച്ച നേതാക്കൾ ആരോപിക്കുന്നു.
അതേസമയം, ലീഗിന്റെ ഒൗദ്യോഗിക സ്ഥാനം രാജിവച്ചെങ്കിലും മറ്റൊരു പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് ഡോ. എ. മെഹ്മൂദ ബീഗം രാഷ്ട്ര ദീപികയോട് പറഞ്ഞു.