കൽപ്പറ്റ: നീലഗിരി ജൈവവ്യവസ്ഥയുടെ ഭാഗമായ കർണാടക ബന്ദിപ്പുര കടുവാസങ്കേതത്തിൽ ഫെബ്രുവരി അവസാനവാരം ഉണ്ടായ വൻ തീപിടിത്തവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ഗുണ്ടിൽപേട്ട ചൗഡഹള്ളിയിലെ കർഷകരായ ഹനുമന്തയ്യ(70), ഗോപയ്യ(60) എന്നിവരെയാണ് വനം-വന്യജീവി വകുപ്പ് അറസ്റ്റു ചെയ്തത്.
കേസിൽ ഗുണ്ടിപേട്ട കല്ലിപുര അരുണ്‍കുമാർ നേരത്തേ പിടിയിലായിരുന്നു. പ്രതികൾക്കെതിരെ വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്.ഫെബ്രുവരി 22നു അടിക്കാടിനിട്ട തീയാണ് ബന്ദിപ്പുരയിൽ ഏകദേശം 12,000 ഏക്കർ വനം ചാന്പലാകുന്നതിനു ഇടയാക്കിയ വൻ തീപിടിത്തമായി മാറിയത്.
വളർത്തുമൃഗങ്ങളെ മേയാൻ വിടുന്ന ഭാഗങ്ങളിൽ കടുവകൾ ഇറങ്ങുന്നതു ഒഴിവാക്കുന്നതിനാണ് കർഷകർ അടിക്കാടിനു തീയിട്ടത്. കൊടുംചൂടിൽ ഉണങ്ങിനിൽക്കുന്ന വനത്തിൽ വരണ്ട കാറ്റിനിടെ തീ ആളിപ്പടരുകയായിരുന്നു. വനം-ഫയർ ആൻഡ് റസ്ക്യൂ സേനാംഗങ്ങൾക്കു പുറമേ നൂറുകണക്കിനു സന്നദ്ധ പ്രവർത്തകരും ചേർന്നു ദിവസങ്ങളോളം അധ്വാനിച്ചാണ് തീ അണച്ചത്.
ബന്ദിപ്പുര വനത്തിലെ കുണ്ടക്കര, ഗോപാൽസ്വാമിബെട്ട റേഞ്ചുകളിലാണ് തീ കനത്ത നാശം വിതച്ചത്. ഈ ഭാഗങ്ങളിൽ കാട് ഹരിതാഭ വീണ്ടെടുക്കാൻ വർഷങ്ങളെടുക്കുമെന്നാണ് വിദഗ്ധാഭിപ്രായം. 2014ലും 2016ലും ബന്ദിപ്പുര വനത്തിൽ കാട്ടിതീ വീണിരുന്നു.