ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ കോൺഗ്രസ്-സിപിഎം പാർട്ടികൾ സഖ്യത്തിലേക്കെന്നു റിപ്പോർട്ട്.ആകെയുള്ള 42 സീറ്റുകളിൽ കോൺഗ്രസ് 12 സീറ്റുകളിൽ മത്സരിച്ചേക്കും. 24 സീറ്റുകളിൽ ഇടതു പാർട്ടികൾ മത്സരിക്കും.
ഇന്ത്യൻ സെക്കുലർ ഫ്രണ്ട് (ഐഎസ്എഫ്) ആറു സീറ്റുകളിലും മത്സരിക്കും. ചില സീറ്റുകളിൽ കൂടി പാർട്ടികൾ തമ്മിൽ ചർച്ച തുടരുന്നുണ്ട്. മുർഷിദാബാദ്, പുരൂലിയ, റായ്ഗഞ്ച് സീറ്റുകളിലാണ് ചർച്ച. ഇടതുമുന്നണി ഇതുവരെ 17 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും ഡൽഹിയിൽ തുടരും. കഴിഞ്ഞ ദിവസം 10 സംസ്ഥാനങ്ങളിലെ സ്ഥാനാർഥി പട്ടിക ചർച്ചയ്ക്കെടുത്തെങ്കിലും അന്തിമ രൂപമായില്ല. മഹാരാഷ്ട്രയടക്കം സംസ്ഥാനങ്ങളെ കൂടി ഇന്നത്തെ ചർച്ചയിൽ ഉൾപ്പെടുത്തും.
രാഹുലിന്റെയും പ്രിയങ്കയുടെയും സ്ഥാനാർഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ യുപി ഇന്നലെ ചർച്ചയ്ക്കെടുത്തിരുന്നില്ല. സംസ്ഥാനത്ത് സമാജ്വാദി പാര്‍ട്ടി 17 സീറ്റുകളാണ് കോൺഗ്രസ് സ്ഥാനാര്‍ഥികൾക്കായി നീക്കിവച്ചിരിക്കുന്നത്.
അതിനിടെ കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ച രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി നേതാവ് പശുപതി പരാസ് ഇന്ത്യ മുന്നണിയിൽ ചേർന്നേക്കുമെന്നു റിപ്പോർട്ടുണ്ട്.
ബിഹാറിലെ എൻഡിഎ സീറ്റ് വിഭജനത്തിൽ തന്റെ പാർട്ടിക്ക് സീറ്റുകളൊന്നും ലഭിക്കാത്തതാണു പശുപതിയെ അസ്വസ്ഥനാക്കിയത്. ഇദ്ദേഹം ഇന്ത്യ മുന്നണിയുമായി ബന്ധപ്പെട്ടതായി അറിയുന്നു. രാജസ്ഥാനിലെ ജോധ്പുരിൽ 15 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമയുടെ സാന്നിധ്യത്തിലാണ് ബിജെപി അംഗത്വം നേടിയത്.