കോട്ടയം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പശ്ചിമബംഗാളിൽ കോൺഗ്രസുമായി സിപിഎം സഖ്യത്തിന് തയാറെടുക്കുന്നതിൽ സിപിഎം കേരളഘടകത്തിന് അതൃപ്തി. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഈ സഖ്യത്തിനെതിരേ പരോക്ഷമായി രംഗത്തു വന്നുകഴിഞ്ഞു. ബംഗാളിൽ കോണ്ഗ്രസുമായി മുന്നണി ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കേന്ദ്രത്തിൽ ബിജെപിയെ പുറത്താക്കും. ബിജെപിയെ തോൽപ്പിക്കാൻ അടവു നയം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സിപിഎമ്മിനു വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളിൽ ബിജെപി തോൽപ്പിക്കാനായി പ്രാദേശിക പാർട്ടികളുമായി ചേർന്ന് അടവുനയം പ്രയോഗിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
2019-ൽ വീണ്ടും നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തിൽ എത്തുന്നതു തടയാൻ വേണ്ടി പാർട്ടി പ്രവർത്തിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബംഗാളിൽ കോൺഗ്രസുമായി സഖ്യമണ്ടാക്കുന്ന കാര്യം കേന്ദ്രനേതൃത്വവും പാർട്ടി സംസ്ഥാനഘടകവും ചേർന്നു തീരുമാനിക്കും.
കോൺഗ്രസുമായുള്ള സഖ്യത്തിന്റെ പേരിൽ പാർട്ടി കേന്ദ്രനേതൃത്വും കേരളാ നേതൃത്വവും തമ്മിൽ വിയോജിപ്പുണ്ടെന്നത് മാധ്യമസൃഷ്ടിയാണ്. ബംഗാളിൽ ബിജെപിയെ ഒറ്റയ്ക്കു തോൽപിക്കാൻ പറ്റുന്ന മണ്ഡലങ്ങളിൽ സിപിഎം ഒറ്റയ്ക്കു മത്സരിക്കും. അല്ലാത്തയിടങ്ങളിൽ ബിജെപിയെ തോൽപിക്കാൻ കെൽപ്പുള്ള മതേതര പാർട്ടികളുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കുക, പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ മേധാവിത്വം തകർക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സിപിഎമ്മിനെ കോൺഗ്രസുമായി അടുക്കാൻ പ്രേരിപ്പിക്കുന്നത്. തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിനുള്ള സാധ്യത അടഞ്ഞതോടെ സിപിഎമ്മുമായി സഖ്യമാവാമെന്ന നിലപാട് കോൺഗ്രസും സ്വീകരിച്ചിട്ടുണ്ട്.
ബംഗാളിൽ തൃണമൂലുമായി സഖ്യമുണ്ടാക്കാനായിരുന്നു കോൺഗ്രസ് ആദ്യം ശ്രമിച്ചത്. എന്നാൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ തൃണമൂൽ നേതാക്കൾ അത്ര താല്പര്യം പ്രകടിപ്പിച്ചില്ല. തെരഞ്ഞെടുപ്പിനു ശേഷം വേണമെങ്കിൽ സർക്കാർ രൂപീകരിക്കുന്നതിൽ സഖ്യമാവാമെന്നാണ് തൃണമൂലിന്റെ ഇപ്പോഴത്തെ നിലപാട്.
ബംഗാളിൽ സിപിഎമ്മിന്റെ പുറകേ നടക്കുന്നത് കോണ്ഗ്രസ് അല്ലെന്ന് ചെന്നിത്തല
ന്യൂഡൽഹി: പശ്ചിമബംഗാളിൽ മുന്നണി ആവശ്യവുമായി സിപിഎമ്മിന്റെ പുറകേ നടക്കുന്നത് കോണ്ഗ്രസ് അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗാളിൽ നോമിനേഷൻ കൊടുക്കാൻ പോലും സാധിക്കാത്ത പാർട്ടിയായി സിപിഎം മാറിയെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ യുഡിഎഫിന്റെ സീറ്റ് കുറയ്ക്കാനായി സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ട്. കേരള ജനത മോദിയെ പുറത്താക്കാൻ യുഡിഎഫിനോപ്പം നിൽക്കും. സിപിഎം-ബിജെപി കൂട്ടുകെട്ടിനെ ജനങ്ങൾ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുമായി ചേർന്ന് കേരളത്തിൽ സിപിഎം പഞ്ചായത്തുകളും നഗരസഭകളും ഭരിക്കുന്നുണ്ട്. എന്നാൽ കോണ്ഗ്രസ് ഒരിടത്തുപോലും ബിജെപിയുമായി ചേർന്നു പഞ്ചായത്തുകളോ നഗരസഭകളോ ഭരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് റഫാൽ. അതുപോലെ കേരളം കണ്ട വലിയ അഴിമതിയാണ് ലാവ്ലിൻ. രണ്ട് അഴിമതികൾക്കും എതിരെയാണ് യുഡിഎഫിന്റെ പോരാട്ടമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.