പശ്ചിമബംഗാളില്‍ അധികാരം നേടാന്‍ രണ്ടുംകല്പിച്ചിറങ്ങുന്ന ബിജെപിക്ക് അത്ര പ്രതീക്ഷ നല്‍കാതെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം നേടിയപ്പോള്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് ദയനീയ പരാജയം. തെരഞ്ഞെടുപ്പ് നടന്ന ഏഴ് മുനിസിപ്പാലിറ്റികളില്‍ നാലിടത്തും തൃണമൂല്‍ വിജയിച്ചു. അതേസമയം ഡാര്‍ജിലിംഗ് അടക്കം മൂന്ന് മുനിസിപ്പാലിറ്റികള്‍ ബിജെപി സഖ്യം നേടി. കോണ്‍ഗ്രസിനൊപ്പം മല്‍സരിച്ച ഇടതുപാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഏഴ് നഗരസഭകളിലേക്കുമായി 148 സീറ്റിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് 66 സീറ്റും ജിജെഎം 70 സീറ്റും നേടി. ബിജെപിക്ക് മൂന്ന് സീറ്റ് മാത്രമാണ് നേടാനായത്. ഇടതുപാര്‍ട്ടികള്‍ രണ്ടു സീറ്റിലും കോണ്‍ഗ്രസ് നാലു സീറ്റിലും ജയിച്ചു.
മമതാബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വികസനനയങ്ങള്‍ക്കുള്ള ജനപിന്തുണയാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വിജയമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു. അതേസമയം ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനം വേണമെന്ന തങ്ങളുടെ ആവശ്യം ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണ്, ഡാര്‍ജിലിംഗ് അടക്കമുള്ള പര്‍വത മേഖലകളിലെ മുനിസിപ്പാലിറ്റികളിലെ വിജയമെന്ന് ഗൂര്‍ഖ ജന്മുക്തി മോര്‍ച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു. വ്യാപകമായ അക്രമവും, തെരഞ്ഞെടുപ്പ് ക്രമക്കേടും നടത്തിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചതെന്ന് സിപിഐഎം ആരോപിച്ചു. അതിനിടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്നും, അതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്കിയ ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തള്ളി.