ബംഗാളില്‍ തകര്‍ന്നടിഞ്ഞ് സിപിഎം, എതിരാളികളില്ലാതെ കുതിച്ച് മമതയുടെ തൃണമൂല്‍, മുഖ്യ പ്രതിപക്ഷ സ്ഥാനത്തേക്ക് ബിജെപി, ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സൂചനകള്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും സമ്മാനിക്കുന്നത് നിരാശ

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പേ ബംഗാള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നോമിനേഷന്‍ കൊടുത്തവരെ തൃണമൂല്‍ മര്‍ദിക്കുകയും കൊന്നൊടുക്കുകയും ചെയ്‌തെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വോട്ടെടുപ്പ് നടന്നത്. ഇപ്പോള്‍ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ബംഗാളില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടി ബഹുദൂരം മുന്നിലാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഒരുകാലത്ത് ബംഗാള്‍ രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന സിപിഎം വീണ്ടും ദുര്‍ബലമാകുന്ന കാഴ്ച്ചയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും കാണുന്നത്.

അഞ്ചുവര്‍ഷത്തിനിടെ ബംഗാള്‍ പിടിക്കുമെന്ന ബിജെപിയുടെ അവകാശവാദത്തെ തെരഞ്ഞെടുപ്പ് ഫലം സാധൂകരിക്കുന്നില്ലെങ്കിലും സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മറികടന്ന് മുഖ്യ പ്രതിപക്ഷത്തിന്റെ റോളിലേക്ക് ബിജെപി വരുന്നുവെന്ന സൂചനകളാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും നാമമാത്ര സീറ്റുകള്‍ മാത്രം ലഭിച്ചപ്പോള്‍ ബിജെപി പലയിടത്തും തൃണമൂലിന് കനത്ത മത്സരമാണ് നല്കിയത്. ജില്ലാ പഞ്ചായത്തുകള്‍ തൃണമൂല്‍ തൂത്തുവാരി. ഇതുവരെ ഫലമറിഞ്ഞ 221 ജില്ലാ പഞ്ചായത്തുകളിലും തൃണമൂല്‍ തന്നെയാണ് ജയിച്ചത്.

ആകെ 825 ജില്ലാ പഞ്ചായത്തുകളാണുള്ളത്. ഇടത്, കോണ്‍ഗ്രസ്, ബിജെപി മുന്നണികള്‍ക്ക് ഒരു ജില്ലാ പഞ്ചായത്തില്‍ പോലും ഭരണത്തില്‍ എത്താനായില്ല. പഞ്ചായത്ത് സമിതികളിലും സ്ഥിതി വ്യത്യസ്തമല്ല. 330ല്‍ ഇതുവരെ ഫലമറിവായ 110ലും തൃണമൂല്‍ തന്നെ ജയിച്ചു. എന്നാല്‍ ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപിയുടെ പോരാട്ടം ശ്രദ്ധേയമാണ്. 3215 ഗ്രാമ പഞ്ചായത്തുകളില്‍ ഇതുവരെ ഫലം വന്നത് 807ല്‍. ഇതില്‍ 706ലും മമതയുടെ പാര്‍ട്ടി ജയിച്ചപ്പോള്‍ 58 ഇടത്ത് ബിജെപി ഭരണത്തിലെത്തി. ഇടതിന് വെറും ആറും കോണ്‍ഗ്രസിന് എട്ടും സ്ഥലങ്ങളില്‍ ഭൂരിപക്ഷമുണ്ട്.

Related posts