കോൽക്കത്ത: പശ്ചിമബംഗാളിൽ നടന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിൽ.
ആകെയുള്ള 928 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 793 ഇടത്തും ലീഡ് ചെയ്യുന്നത് തൃണമൂലാണ്. ബിജെപി-22, കോണ്‍ഗ്രസ്-6, സിപിഎം-1 എന്നിങ്ങനെയാണ് ലീഡ് നില.
ആകെയുള്ള 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 38,118 ഇടത്തും തൃണമൂലാണ് ലീഡ് ചെയ്യുന്നത്. ബിജെപി-5779, കോണ്‍ഗ്രസ്-1066, സിപിഎം-1713 സീറ്റുകളിലുമാണ് മുന്നില്‍.
പഞ്ചായത്ത് സമിതികളില്‍ ആകെയുള്ള 9730 സീറ്റുകളിൽ 8062 ഇടത്തും തൃണമൂലാണ് മുന്നില്‍. ബിജെപി-769, കോണ്‍ഗ്രസ്-133, സിപിഎം-129 എന്നിങ്ങനെയാണ് ലീഡ്.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തില്‍ അധികം സീറ്റുകളും തൃണമൂല്‍ പിടിച്ചിരുന്നു. മുഖ്യമന്ത്രി മമതാ ബാനർജി നയിക്കുന്ന തൃണമൂല്‍ ഇത്തവണയും വലിയ വിജയം ആവര്‍ത്തിക്കുമെന്ന തരത്തിലുള്ള സൂചനകളാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പുറത്തുവരുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപുള്ള തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് എന്നീ കക്ഷികൾക്ക് നിർണായകമാണ്.
ഇന്നു രാവിലെ എട്ടു മുതൽ 339 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് എല്ലാ വോട്ടണ്ണെൽ കേന്ദ്രങ്ങളിലും കേന്ദ്രസേനയുടെ സുരക്ഷ ഒരുക്കിയിട്ടുണ്ട്.
വോട്ടെടുപ്പ് ദിവസവും അതിനു മുൻപും വ്യാപക അക്രമമാണ് ബംഗാളിൽ അരങ്ങേറിയത്. അക്രമ സംഭവങ്ങളിൽ 30 പേർ മരിച്ചെന്നാണ് കണക്ക്.
സംസ്ഥാനത്തെ സാഹചര്യം ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ദില്ലിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ബോധിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ 80.71 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.