കോവിഡില്‍ നിന്നു രക്ഷനേടാന്‍ ശാരീരിക അകലം പാലിക്കണമെന്ന കര്‍ശന നിര്‍ദേശങ്ങള്‍ സജീവമാണ്. ആളുകളെല്ലാം വീടിനുള്ളില്‍ തന്നെയിരിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകരും ഭരണകര്‍ത്താക്കളും ആവര്‍ത്തിക്കുന്നുമുണ്ട്.
എന്നാല്‍ ഏഴോ എട്ടോ പേരുള്ള കുടുംബത്തിന് ഒറ്റമുറി വീടിനുള്ളില്‍ താമസിക്കേണ്ട അവസ്ഥ വന്നാല്‍ എന്താണ് ചെയ്യുക.
അങ്ങനെ വന്നാല്‍ മരച്ചില്ലയും വീടാക്കി മാറ്റാമെന്ന ഉപായമാണ് പശ്ചിമബംഗാളിലെ പുരുലിയ ജില്ലയിലെ ബാംഗ്ഡി ഗ്രാമത്തില്‍ നിന്നുള്ള ഏഴുപേര്‍ കണ്ടെത്തിയത്.
പത്തടി ഉയരത്തിലുള്ള മരത്തിന് മുകളില്‍ കിടക്കകളുണ്ടാക്കി, കൊതുകുവലകള്‍ കെട്ടി വെളിച്ചവും മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയാണ് അഞ്ചുദിവസമായി ഇവര്‍ താമസിക്കുന്നത്.
ഭക്ഷണം കഴിക്കാനും മറ്റ് പ്രാഥമിക കര്‍മ്മങ്ങള്‍ക്കും മാത്രം മരത്തില്‍ നിന്ന് താഴേക്കിറങ്ങും.
കൊവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ ചെന്നൈയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് എത്തിയ അതിഥി തൊഴിലാളികളാണ് ഏഴുപേരും.
ഇത്ര ദൂരം യാത്ര ചെയ്തത് കൊണ്ട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ ഇവരോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ ആകെയുള്ളത് ഒരു ഒറ്റമുറി വീടായിരുന്നു.
വീട്ടില്‍ മതിയായ സൗകര്യങ്ങളില്ലാത്തതുകൊണ്ട് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ മരച്ചില്ല വീടാക്കി അവര്‍ താമസവും തുടങ്ങി.
‘അധികസമയവും മരത്തിലാണ് കഴിയുന്നത്. ശുചിമുറി ഉപയോഗിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ഭക്ഷണം കഴിക്കാനും മാത്രമാണ് മരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങുന്നത്.
മറ്റുള്ളവര്‍ക്ക് ഭീഷണി ആകാതെ സമ്പൂര്‍ണമായി ഒറ്റപ്പെട്ട് കഴിയുകയാണ്’24കാരനായ ബിജോയ് സിങ് ലായ പറയുന്നു.
ഐസൊലേഷനില്‍ കഴിയാന്‍ വേണ്ടത്ര സൗകര്യങ്ങളില്ലാതെ വിഷമിച്ചപ്പോള്‍ ഗ്രാമവാസികളാണ് ഇത്തരമൊരു നിര്‍ദ്ദേശം മുമ്പോട്ട് വെച്ചത്.
500 രൂപ ദിവസക്കൂലിക്ക് ചെന്നൈയില്‍ ജോലി ചെയ്തു വരികയായിരുന്നു. കൂലി മുഴുവന്‍ ഉടമ നല്‍കിയിട്ടില്ലെന്നും അതുപോലും വാങ്ങാതെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറുകയായിരുന്നെന്നും ഇവര്‍ പറയുന്നു.
മരച്ചില്ലയില്‍ താമസിക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.