ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഷാജഹാന്‍ പണികഴിപ്പിച്ചത് താജ്മഹലാണെങ്കില്‍ മരിച്ചുപോയ തന്റെ ഭാര്യയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി ബംഗാള്‍ മന്ത്രി പണികഴപ്പിക്കുന്നത് നായ്ക്കള്‍ക്കായുള്ള ആശുപത്രി; കാരണമായി മന്ത്രി പറയുന്നതിത്

ഭാര്യയുടെ ഓര്‍മ്മയ്ക്കായി താജ്മഹല്‍ എന്ന ദൃശ്യവിസ്മയം പണികഴിപ്പിച്ചുകൊണ്ട് ചരിത്രത്തിന്റെ ഭാഗമായ വ്യക്തിയാണ് ഷാജഹാന്‍. എന്നാല്‍ മരിച്ചുപോയ ഭാര്യയുടെ ഓര്‍മ്മയ്ക്കായി പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ മന്ത്രി പണികഴിപ്പിച്ചിരിക്കുന്നതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ മന്ത്രിയായ പാര്‍ഥ ചാറ്റര്‍ജി അതുപോലൊരു സ്മാരകമാണ് ഭാര്യയ്ക്കായി പണികഴിപ്പിച്ചിരിക്കുന്നത്. എന്താണന്നല്ലേ ആ സ്മാരകം. ഒരു മൃഗാശുപത്രി. അതും പട്ടികള്‍ക്കു വേണ്ടിയുള്ള ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍.

ഭാര്യയുടെ സ്മരണയ്ക്കായി പട്ടികളുടെ ആശുപത്രി പണിയുന്നതിന് മന്ത്രി പറയുന്ന ന്യായവും വിചിത്രമാണ്. ഭാര്യക്ക് കുട്ടികളേക്കാള്‍ പട്ടികളെയായിരുന്നത്രേ ഇഷ്ടം. കഴിഞ്ഞ ജൂലൈയിലായിരുന്നു ചാറ്റര്‍ജിയുടെ ഭാര്യ ബബ്ലി മരിച്ചത്. അന്നുമുതല്‍ ഇങ്ങനൊരാശയം മനസിലുണ്ട്. അങ്ങനെയാണ് മൃഗാശുപത്രി എന്ന ചിന്തയില്‍ എത്തിയത്. താനും വലിയ നായ് പ്രേമിയാണെന്ന് അദ്ദേഹം തുറന്ന് പറയുന്നു. മാത്രമല്ല, കൊല്‍ക്കൊത്തയില്‍ മൃഗാശുപത്രികളുടെ കുറവുണ്ട്. ഇക്കാര്യം പലപ്പോഴും ഭാര്യ തന്നോട് പറഞ്ഞിരുന്നതായും അദ്ദേഹം ഒര്‍മ്മിക്കുന്നു.

കൊല്‍ക്കൊത്തയിലാണ് മന്ത്രിയുടെ വെറ്ററിനറി ആശുപത്രി സ്ഥാപിക്കുന്നത്. ബബ്ലി ചാറ്റര്‍ജി മെമ്മോറിയല്‍ പെറ്റ് ഹോസ്പിറ്റല്‍ എന്നായിരിക്കും പേര്. തന്റെ ഭാര്യ വലിയ നായ് പ്രേമിയായിരുന്നു. അവയെ ശുശ്രൂഷിക്കുന്നതില്‍ ആയിരുന്നു അവര്‍ക്ക് താത്പര്യം. അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായ്ക്കളെ പിടിച്ച് ഡോക്ടറുടെ അടുക്കല്‍ കൊണ്ടുപോയി അവയ്ക്ക് ചികിത്സ നല്‍കിയിരുന്നു. ഇതാണ് ഭാര്യയ്ക്കു വേണ്ടി എന്നെന്നും നിലനില്‍ക്കുന്ന ഒരു സ്മാരകം നിര്‍മ്മിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ‘പ്രഭാത് ഖബര്‍’ എന്ന ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.

 

Related posts