തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന് നേരേ വധഭീഷണി സന്ദേശം. ദുര്‍ഗ വേഷത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് നുസ്രതിന് വധഭീഷണി എത്തിയത്. ഇവരുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.
സെപ്റ്റംബര്‍ പതിനേഴിനാണ് ദുര്‍ഗ വേഷം ധരിച്ച ചിത്രം നുസ്രത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിന് ശേഷം അവര്‍ ഷൂട്ടിംഗിനായി ലണ്ടനിലേക്ക് പോകുകയും ചെയ്തു.
ചിത്രം പോസ്റ്റ് ചെയ്ത് കുറച്ചു ദിവസത്തിനു ശേഷമാണ് ചിലര്‍ വധഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയതെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
‘ഈ വിവരം ബംഗാള്‍ ആഭ്യന്തര മന്ത്രാലയത്തെയും ലണ്ടനിലെ ഇന്ത്യന്‍ എംബസിസേയും അറിയിച്ചിട്ടുണ്ട്.
വിദേശത്തായതിനാല്‍ നുസ്രതിന് അധിക സുരക്ഷയുറപ്പാക്കാന്‍ എംബസി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’ നുസ്രതിന്റെ ഓഫീസ് ജീവനക്കാരന് പറഞ്ഞു.
ഇതാദ്യമായല്ല നുസ്രതിന് നേരേ ഇത്തരം ഭീഷണികളുയരുന്നത്. മതേതര നിലപാടുകളുടെ പേരില്‍ നേരത്തേയും നുസ്രതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.
ബംഗാളി സിനിമാ താരമായ നുസ്രത് ജഹാന് 2019 ലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ബസിര്‍ഹാത് സീറ്റില്‍ മത്സരിച്ച ഇവര്‍ വലിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം നേടിയത്.
ഇതാദ്യമായല്ല നുസ്രതിനു നേരെ മതമൗലീകവാദികള്‍ വധഭീഷണി മുഴക്കുന്നത്. മുമ്പ് ഹിന്ദുവിനെ വിവാഹം കഴിച്ചപ്പോഴും നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയപ്പോഴും ഇവര്‍ക്കു നേരെ സൈബര്‍ ആക്രമണമുണ്ടി.
പിന്നീട് ദുര്‍ഗാപൂജയില്‍ പങ്കെടുത്തപ്പോഴും മത മൗലീകവാദികള്‍ ഇവര്‍ക്കെതിരേ വധഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ട് ഭയക്കുന്നില്ലെന്നും എല്ലാവരുടെയും സമൃദ്ധിയ്ക്കും അഭിവൃദ്ധിയ്ക്കും വേണ്ടിയാണ് ദുര്‍ഗാ പൂജയില്‍ പങ്കെടുക്കുന്നതുമെന്നായിരുന്നു അന്ന് ഇവര്‍ മറുപടി പറഞ്ഞത്.