പട്ടിണിരഹിത കേരളത്തിന് ബംഗാളി..! വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താന്‍ ബംഗാളില്‍ നിന്നും അരി എത്തിത്തുടങ്ങി

ktm-riseസി.സി. സോമന്‍

കോട്ടയം: ബംഗാള്‍, ഒറീസ സംസ്ഥാനങ്ങളില്‍ നിന്നു വന്‍ തോതില്‍ അരി കേരളത്തിലേക്ക്. ഇതോടെ സംസ്ഥാനത്ത് അരിവില കുറയുമെന്നു വ്യാപാരികള്‍. രണ്ടാഴ്ചക്കുള്ളില്‍ വില കുറയുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അരി മൊത്ത വ്യാപാരികള്‍ പറയുന്നു. ഒരാഴ്ച മുമ്പു ബംഗാളില്‍ നിന്ന് 60 കണ്ടെയ്‌നര്‍ വെള്ളയരി കേരളത്തിലെത്തി. ഇതില്‍ നാല് കണ്ടെയ്‌നര്‍ കോട്ടയത്തെ പ്രമുഖ അരി വ്യാപാരിക്കുള്ളതായിരുന്നു. അടുത്ത ആഴ്ചയില്‍ കൂടുതല്‍ അരി എത്തും.

ഇപ്പോള്‍ ബംഗാളി അരിക്ക് കിലോഗ്രാമിന് 25 രൂപയാണ് മൊത്തവില. ആന്ധ്രയില്‍ നിന്നു വരുന്ന സുലേഖ അരിയോട് കിടപിടിക്കുന്നതാണ് ബംഗാളി അരിയെന്നും വില കുറവായതിനാല്‍ ആളുകള്‍ പതുക്കെ ബംഗാളി അരിയിലേക്ക് മാറുമെന്നുമാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍. അതോടെ മറ്റ് അരികള്‍ക്കും വില കുറയുമെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തില്‍ ഏറ്റവുമധികം അരി എത്തുന്നത് ആന്ധ്രയില്‍ നിന്നാണ്. അവിടെ ഉത്പാദനം കുറഞ്ഞതോടെയാണ് കേരളത്തില്‍ അരി വില കൂടിയത്. 27 രൂപ മൊത്ത വിലയുണ്ടായിരുന്ന സുലേഖ അരിക്ക് ഇപ്പോള്‍ 33 രൂപയായി വര്‍ധിച്ചു. ഇത് കടകളില്‍ വില്‍ക്കുന്നത് 37 രൂപയ്ക്കാണ്. ബംഗാളി അരിയും ആന്ധ്രയില്‍ നിന്നുള്ള സുലേഖയും തമ്മില്‍ ഏഴ്,എട്ട് രൂപയുടെ വ്യത്യാസമുണ്ട്.

ബംഗാളില്‍ നിന്നുള്ള അരിവരവ് ആരംഭിച്ചിട്ട് ഒരു മാസമേ ആയിട്ടുള്ളു. കേരളത്തില്‍ ജോലി തേടി എത്തിയിട്ടുള്ള ബംഗാളികളെ ഉദേശിച്ചാണ് വ്യാപാരികള്‍ അരി സംഭരിച്ചത്. എന്നാല്‍ വില കുറവായതിനാല്‍ മലയാളികളും ഉപയോഗിക്കാന്‍ തുടങ്ങി. ബംഗാളില്‍ ഇക്കുറി നല്ല വിളവായതിനാല്‍ എത്ര കണ്ടെയ്‌നര്‍ അരി വേണമെങ്കിലും നല്കാന്‍ തയാറായി നില്‍ക്കുകയാണ് അവിടുത്തെ വ്യാപാരികള്‍. ഒരു കണ്ടെയ്‌നറില്‍ 28 ടണ്‍ അരിയാണുള്ളത്.

അതേസമയം സംസ്ഥാനത്ത് അരിവില രണ്ടുമാസം മുമ്പുണ്ടായിരുന്നതിലും ആറ്, ഏഴ് രൂപയുടെ വര്‍ധനയാണുണ്ടായിരിക്കുന്നത്. 27 –28 രൂപ മൊത്തവിലയുണ്ടായിരുന്ന സുലേഖയ്ക്ക് ഇന്നലെ 31– 32.50– 33 രൂപയാണ് വില. ഗുണനിരവാരം അനുസരിച്ചാണ് വില. ജയയ്ക്ക് 27–28 രൂപയുണ്ടായിരുന്നത് 33–34–35 രൂപയായി വര്‍ധിച്ചു. കുത്തരിക്ക് 31 മുതല്‍ 35 രൂപ വരെയാണ് മൊത്തവില. കിലോഗ്രാമിന് മൂന്നു മുതല്‍ അഞ്ചു രൂപ വരെ കൂട്ടിയാണ് റീട്ടെയില്‍ വില്‍പന.

Related posts