കരയില് ജീവിക്കുന്ന മൃഗങ്ങള് വെള്ളത്തില് നീന്തുന്നതിന്റെ പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ബ്രഹ്മപുത്ര നദിയിലൂടെ നീന്തുന്ന കടുവായിണിപ്പോള് സോഷ്യല് മീഡിയയിലെ താരം.
അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ബംഗാള് കടുവ 120 കിലോമീറ്റര് നീന്തിയതായാണ് വനംവകുപ്പ് ഉദ്യോഗസ്ഥര് അനുമാനിക്കുന്നത്.
കിലോമീറ്ററുകളോളം നീന്തി ഗുവാഹത്തിക്ക് സമീപം ബ്രഹ്മപുത്ര നദിക്ക് നടുവിലുള്ള പീകോക്ക് ദ്വീപിലാണ് കടുവ അഭയം പ്രാപിച്ചത്.
പ്രസിദ്ധമായ പുരാതന ക്ഷേത്രം ഉമാനന്ദ സ്ഥിതി ചെയ്യുന്നത് ഈ ദ്വീപിലാണ്. ദ്വീപിലെ ഇടുങ്ങിയ ഗുഹയാണ് കടുവ താവളമാക്കിയത്.
കടുവ ദ്വീപില് എത്തിയതായി വിവരം അറിഞ്ഞ് ക്ഷേത്രത്തിലേക്ക് ദര്ശനത്തിനായി എത്തിയ വിശ്വാസികളെ സ്ഥലത്ത് നിന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റി.
തുടര്ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില് പത്തുമണിക്കൂര് നീണ്ട പരിശ്രമത്തിന് ഒടുവില് കടുവയെ മയക്കികിടത്തിയ ശേഷം മൃഗശാലയിലേക്ക് മാറ്റി.
ഉമാനന്ദ ക്ഷേത്രത്തിലെ ജോലിക്കാരാണ് കടുവ നീന്തുന്നത് കണ്ടത്. എല്ലാ ദിവസവും നിരവധി വിശ്വാസികളാണ് ക്ഷേത്രത്തില് ദര്ശനത്തിനായി എത്തുന്നത്. ഉടന് തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
കടുവ ദ്വീപില് നിന്ന് 120 കിലോമീറ്റര് അകലെയുള്ള ഒറംഗ ദേശീയോദ്യാനത്തില് നിന്ന് എത്തിയതാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.
ഗുവാഹത്തി നഗരത്തില് നിന്ന് ബ്രഹ്മപുത്ര നദിയിലൂടെ പത്തുമിനിറ്റ് ബോട്ട് യാത്ര വേണം ഈ ദേശീയോദ്യാനത്തില് എത്താന്.
വെള്ളം കുടിക്കാന് എത്തിയപ്പോള് കടുവ ശക്തമായ ഒഴുക്കില്പ്പെട്ടതാകാമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര് കണക്കുകൂട്ടുന്നു.
ദ്വീപിലെ ജനങ്ങള് പരിഭ്രാന്തിയില് കഴിയുന്നതിനിടെ, ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു യൂണിറ്റും വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം ആരംഭിച്ചു.
ഇടുങ്ങിയ ഗുഹയില് ആയിരുന്നതിനാല് കടുവയെ പിടികൂടാന് മണിക്കൂറുകള് വേണ്ടിവന്നു. പത്തുമണിക്കൂര് നീണ്ട പരിശ്രമത്തിന് ഒടുവിലാണ് കടുവയെ പിടികൂടിയത്.