ധാക്ക: ബംഗ്ല കടുവകളുടെ ശൗര്യത്തിനു മുന്നിൽ വെസ്റ്റ് ഇൻഡീസ് കടപുഴകി. രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ ഇന്നിംഗ്സിനും 184 റണ്‍സിനും കീഴടക്കി ബംഗ്ലാദേശ് രണ്ട് മത്സര പരന്പര 2-0നു സ്വന്തമാക്കി.
ഒരു ടീമിനോട് ആദ്യമായി ഫോളോ ഓണിന് ആവശ്യപ്പെട്ടും ബംഗ്ലാദേശ് ചരിത്രമെഴുതി. ചിറ്റഗോംഗിൽ നടന്ന ആദ്യ ടെസ്റ്റിൽ 64 റണ്‍സിന്റെ ജയം ആതിഥേയർ സ്വന്തമാക്കിയിരുന്നു.
നാല് വർഷത്തിനുള്ളിൽ ബംഗ്ലാദേശിന്റെ ആദ്യ പരന്പര ജയമാണിത്. ടെസ്റ്റിൽ ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച ജയമാണ് ധാക്കയിൽ കുറിക്കപ്പെട്ടത്. 2005ൽ സിംബാബ്വെയ്ക്കെതിരേ നേടിയ 226 റണ്‍സ് ജയമായിരുന്നു ബംഗ്ല കടുവകളുടെ ഇതുവരെയുള്ള മികച്ച നേട്ടം. ചരിത്രത്തിൽ ആദ്യമായാണ് ബംഗ്ലാദേശ് ഇന്നിംഗ്സ് ജയം സ്വന്തമാക്കുന്നത്.
മെഹ്ദി ഹസൻ മിർസ സ്പിൻ ആക്രമണമാണ് വെസ്റ്റ് ഇൻഡീസിന്റെ പതനത്തിനു കാരണം. ആദ്യ ഇന്നിംഗ്സിൽ 58 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി രണ്ടാം ഇന്നിംഗ്സിൽ 59ന് അഞ്ച് വിക്കറ്റും സ്വന്തമാക്കി. മെഹിഡിയാണ് മാൻ ഓഫ് ദ മാച്ച്. മെഹ്ദിയുടെ കരിയറിലെ മികച്ച പ്രകടനമാണിത്. സ്കോർ: ബംഗ്ലാദേശ് 508. വെസ്റ്റ് ഇൻഡീസ് 111, 213.