ന്യൂഡല്‍ഹി: ഇന്ത്യയെയും അന്തരീക്ഷമലിനീകരണത്തെയും ബംഗ്ലാ ദേശ് തോല്പിച്ചു. ഇന്ത്യക്കെതിരേയുള്ള ആദ്യ ട്വന്റി 20 ക്രിക്കറ്റില്‍ ബംഗ്ലാദേശ് മൂന്നു പന്ത് ബാക്കിയിരിക്കേ ഏഴു വിക്കറ്റിനു ജയിച്ചു. 149 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്ത ബംഗ്ലാദേശ് അവസാന ഓവറിന്റെ മൂന്നാം പന്ത് സിക്സ് പായിച്ചാണ് വിജയംകുറിച്ചത്. ഇന്ത്യക്കായി ശിവം ദുബെ അരങ്ങേറ്റംകുറിച്ചു.
ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 148; ബംഗ്ലാദേശ് 19.3 ഓവറില്‍ മൂന്നു വിക്കറ്റിന് 154.ഭേദപ്പെട്ട സ്കോറിലേക്കു ബാറ്റ് വീശിയ ബംഗ്ലാദേശിന് മുസ്ഫിഖര്‍ റഹീമിന്റെ (43 പന്തില്‍ 60 നോട്ടൗട്ട്) പ്രകടനം ജയം അനായാസമാക്കി.
എട്ട് ഫോറും ഒരു സിക്സുമാണ് റഹീം പായിച്ചത്. നായകന് മഹമദുള്ള റിയാദ് (ഏഴു പന്തില്‍ 15) പുറത്തായില്ല. ആദ്യ ഓവറില്‍തന്നെ ലിട്ടന്‍ ദാസിനെ (നാലു പന്തില്‍ 7) നഷ്ടമായ ബംഗ്ലാദേശിനെ മുഹമ്മദ് നയിമും (28 പന്തില്‍ 26), സൗമ്യ സര്‍ക്കാരും (35 പന്തില്‍ 39) ജയത്തിലേക്ക് അടുപ്പിച്ചു.
സൗമ്യ സര്‍ക്കാർ പുറത്തായപ്പോള്‍ ഇന്ത്യക്ക് ജയപ്രതീക്ഷകളായി. റഹീമും സര്‍ക്കാരും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 60 റണ്‍സ് നേടി. റഹീമിനൊപ്പം മഹമദുള്ള ചേര്‍ന്നതോടെ ബംഗ്ലാദേശ് അനായാസം ജയത്തിലെത്തി. 40 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്. റഹീമാണ് മാൻ ഓഫ് ദ മാച്ച്.
ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനു വിട്ടു. ആദ്യ ഓവറില്‍തന്നെ രണ്ടു ഫോര്‍ നേടി രോഹിത് ശര്‍മ നല്ല തുടക്കമാണിട്ടത്. എന്നാല്‍ ആദ്യ ഓവറിന്റെ അവസാന പന്തില്‍ രോഹിത് (9) പുറത്തായി. ഇതോടെ രോഹിത് അന്താരാഷ്ട്ര ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ വിരാട് കോഹ്ലിയെ മറികടന്ന് മുന്നിലെത്തി. ശിഖര്‍ ധവാനും കെ.എല്‍. രാഹുലും ഇന്ത്യയെ അപകടത്തില്‍ നിന്നു കരകയറ്റുമെന്നു തോന്നി.
എന്നാല്‍ രാഹുലിന്റെ ( 17 പന്തില്‍ 15) പുറത്താകല്‍ വീണ്ടും സമ്മർദത്തിലാക്കി. ശ്രേയസ് അയ്യര്‍- ധവാന് കൂട്ടുകെട്ട് ഇന്ത്യന്‍ സ്കോറില്‍ പ്രതീക്ഷകള്‍ നല്കി. ഇരുവരും ചേർന്ന് 34 റണ്‍സ് നേടി. അയ്യരുടെ (13 പന്തില്‍ 22) പുറത്താകല്‍ ഇന്ത്യന്‍ സ്കോറിംഗിനെ ബാധിച്ചു. ധവാനും ഋഷഭ് പന്തിനും വേഗത്തില്‍ സ്കോര്‍ ചെയ്യാനുമായില്ല.
ഇതിനിടെ ധവാന് (42 പന്തില്‍ 41) റണൗട്ടുമായി. പന്തില്‍ നിന്ന് വേഗത്തില്‍ റണ്സുമെത്തിയില്ല. 26 പന്തില്‍ 27 റണ്‍സുമായി പന്തു പുറത്തായി. അവസാന ഓവറുകളില്‍ കൂറ്റന്‍ അടികള്‍ നടത്തിയ കൃണാല്‍ പാണ്ഡ്യയും (എട്ട് പന്തില്‍ 15), വാഷിംഗ്ടണ്‍ സുന്ദറുമാണ് (അഞ്ച് പന്തില്‍ 14) പൊരുതാനുള്ള സ്കോര്‍ നല്‍കിയത്.