കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയുന്നതിന് ഓപ്പറേഷന് ഭായി പദ്ധതി നടപ്പാക്കുന്നു. കര്‍ശന പരിശോധനയും തുടര്‍നടപടികളും ഇതിന്റെ ഭാഗമായി നടക്കും.ഇതര സംസ്ഥാനക്കാര്‍ കൂട്ടമായി താമസിക്കുന്ന ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രഹസ്യ നിരീക്ഷണം നടത്തി നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പി.കെ. സുരേഷ് അറിയിച്ചു.
കളക്്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല ജനകീയ സമിതി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ക്രിസ്മസ്–പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജ മദ്യത്തിന്റേയും മയക്കുമരുന്നുകളുടേയും ഉത്പാദനം, വിപണനം, വിതരണം എന്നിവ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്തുള്ള എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്പ്പെടുത്തിയിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കീഴരിയൂര്‍, മാവട്ടുമല എന്നീ പ്രദേശങ്ങളില്‍ പേരാമ്പ്ര സര്‍ക്കിള്‍, കൊയിലാണ്ടി റേഞ്ച്, സ്പെഷല്‍ സ്ക്വാഡ് പാര്‍ട്ടികള്‍, പോലീസ്, റവന്യൂ വകുപ്പുകള്‍ എന്നിവ സംയുക്തമായി റെയ്ഡു നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാവട്ടുമല പ്രദേശത്തുനിന്ന് 300 ലിറ്റര്‍ വാഷും 20.4 ലിറ്റര്‍ ചാരായവും കണ്ടെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. പാലക്കുളം കള്ളുഷാപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു. ഫറോക്ക് റേഞ്ചിലെ പാറപ്പുറം (മേലേച്ചിറ) കള്ളുഷാപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പാര്‍ട്ടിയും കള്ള്ഷാപ്പും പരിസരവും പരിശോധിച്ചു.
35 വര്‍ഷത്തിലധികമായി കള്ള്ഷാപ്പ് സ്ഥിതിചെയ്യുന്നത് ഇതേ സ്ഥലത്താണ്. മദ്യപന്മാരുടെ ശല്യം കുറഞ്ഞുവരുന്നതായാണ് പരിസരവാസികളുടെ മൊഴി. പെര്‍മിറ്റ് പ്രകാരമുള്ള കള്ള് മാത്രമാണ് വില്‍പ്പന നടത്തുന്നതെന്നും കണ്ടെത്തി. ഈ ഷാപ്പില് വില്‍ക്കുന്ന കള്ളിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി നിരവധി തവണ രാസപരിശോധനയ്ക്ക് അയച്ചിരുന്നു. എരഞ്ഞിക്കല്‍ അമ്പലപ്പടി ഭാഗങ്ങളിലെ മദ്യവില്പന സംബന്ധിച്ച പരാതിയെത്തുടര്‍ന്ന് സ്പെഷല്‍ സ്ക്വാഡ്, കോഴിക്കോട് സര്‍ക്കിള്‍, ചേളന്നൂര്‍ റേഞ്ച് പാര്‍ട്ടികള്‍ റെയ്ഡുകള്‍ നടത്തി. എന്നാല്‍ കേസുകളൊന്നും കണ്ടെത്തിയില്ല. വടകര റെയില്വേസ്റ്റേഷന് പരിസരത്ത് വൈകുന്നേരങ്ങളിലെ മദ്യവില്പന സംബന്ധിച്ചപരാതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ വടകര സര്‍ക്കിള്‍ റേഞ്ച് പാര്‍ട്ടിക്ക് നിര്‍ദ്ദേശം നല്കി.
ഡിവിഷനില്‍ 940 റെയ്ഡുകളും, 23 സംയുക്ത റെയ്ഡുകളും നടത്തി. 201 അബ്കാരി കേസുകളും, 10 എന്‍ഡിപിഎസ് കേസുകളും, 427 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും എടുത്തു. 163 പ്രതികളെ അറസ്റ്റ് ചെയ്തു. 31.01 ലിറ്റര്‍ ചാരായവും 345.7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 231.05 ലിറ്റര്‍ മാഹി വിദേശമദ്യവും, 3975 ലിറ്റര്‍ വാഷും 0.825 കി.ഗ്രാം കഞ്ചാവും 7.8 ബീയറും, 51.45 കി.ഗ്രാം പുകയില ഉത്പന്നങ്ങളും ഒമ്പത് വാഹനങ്ങളും പിടിച്ചെടുത്തു. മദ്യത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നതിനായി 702 തവണ വിവിധ ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ പരിശോധിച്ച് 274 സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. ഈ കാലയളവില്‍ 16,700 വാഹനങ്ങളും
റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 34 തവണ ട്രെയിന്‍ പരിശോധനയും നടത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ 59 തവണ പഞ്ചായത്തുതല മീറ്റിംഗുകളും ഒരു നിയോജക മണ്ഡലതല മീറ്റിംഗും 49 ബോധവത്കരണ പരിപാടികളും നടത്തി. അനധികൃത മദ്യം, മയക്കു മരുന്ന് എന്നിവ കടത്തികൊണ്ടു വരുന്നത് തടയുന്നതിനായി വാഹന പരിശോധന നടത്തി വരുന്നുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ (ആര്‍ആര്‍) കെ.കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി എക്സൈസ് കമീഷണര്‍ പി.കെ. സുരേഷ്, മദ്യനിരോധന സമിതി പ്രവര്‍ത്തകര്‍, ജനകീയ സമിതി അംഗങ്ങള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.