തൊടുപുഴ: നഗരത്തെ പരിഭ്രാന്തിയിലാക്കി പാലത്തിൽ നിന്നു യുവതി പുഴയിലേക്ക് ചാടി. പുഴയിലെ ഒഴുക്കിൽപ്പെട്ട യുവതിയെ ഇതരസംസ്ഥാന തൊഴിലാളികളായ യുവാക്കളാണ് രക്ഷപ്പെടുത്തിയത്. ഇന്നു രാവിലെ ഒൻപതോടെയാണ് തൊടുപുഴ പാലത്തിൽ നിന്നും 28 കാരിയായ യുവതി തൊടുപുഴയാറ്റിലേക്ക് ചാടിയത്. യുവതി പുഴയിൽ വീഴുന്നതു കണ്ടതോടെ പാലത്തിനു സമീപത്തെ മുനിസിപ്പൽ മൈതാനത്ത് നിൽക്കുകയായിരുന്നു യുപി സ്വദേശികളായ ദിനേശ് കുമാർ, സച്ചിൻ, സതീശ്കുമാർ എന്നിവർ ഉടനെ പുഴയിൽ ചാടി യുവതിയെ കരയ്ക്കടുപ്പിച്ചു.
സമീപത്തുണ്ടായിരുന്ന ഡ്രൈവർമാരും വഴിയാത്രക്കാരും നദിയിലിറങ്ങി യുവതിയെ കരയ്ക്കു കയറ്റാൻ സഹായിച്ചു. വിവരമറിഞ്ഞ് ഉടൻ തന്നെ തൊടുപുഴ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സിന്റെ ആംബുലൻസിൽ യുവതിയെ കാരിക്കോട് ജില്ലാ ആശുപത്രിയിലെത്തിച്ചു. മുതലക്കോടത്തെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി മുട്ടത്ത് ഭവന നിർമാണ ബോർഡിന്റെ വനിതാ ഹോസ്റ്റലിലാണ് താമസം.
രാവിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ട യുവതി പുഴയിൽ ചാടിയതെന്തിനാണെന്ന് വ്യക്തമല്ല. മാനസികാസ്വാസ്ഥ്യമുണ്ടോയെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു. ആശുപത്രിയിൽ യുവതിയുടെ സംരക്ഷണത്തിനായി വനിതാ പോലീസിനെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചതായും എസ്ഐ എംപി സാഗർ പറഞ്ഞു.
രാവിലെ നിർമാണ ജോലിക്കു പോകാനെത്തിയതായിരുന്നു ദിനേശ്കുമാറും സച്ചിനും സതീശ്കുമാറും. യുവതിയെ പുഴയിൽ നിന്നും രക്ഷപെടുത്തിയ ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടുകാരും പോലീസും അഭിനന്ദിച്ചതിനു പുറമെ ഇവരെ ഇന്നു രാവിലെ പത്തരയോടെ പോലീസ് സ്റ്റേഷനിൽ ആദരിക്കുകയും ചെയ്തു. ൾ