സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് തെരുവു നായ്ക്കള്‍ക്ക് പേവിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് കുത്തിവയ്ക്കാന്‍ അവയെ പിടികൂടുന്നതിന് അന്യസംസഥാന തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം.
നാട്ടില്‍ നിന്ന് ആളുകള്‍ തെരുവനായ്ക്കളെ പിടികൂടാന്‍ വിമുഖത കാട്ടുന്ന സാഹചര്യത്തിലാണ് ഇത്തരം തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തുന്നത്.
നാട്ടുകാരെ കിട്ടാൻ പാടാണ്!
സംസ്ഥാനത്ത് ലക്ഷകണക്കിനു മറുനാടന്‍ തൊഴിലാളികളുണ്ട്. ഇവര്‍ വിവിധ മേഖലകളിലാണ് ജോലി ചെയ്യുന്നത്. ഇതില്‍ ജോലിയില്ലാത്ത ആളുകളെ പട്ടിപിടിത്തത്തിനു ഉപയോഗപ്പെടുത്താനാണ് തീരുമാനം.
നായ പിടിത്തത്തിനു ഇന്നാട്ടുകാരെ കിട്ടാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം.
പ്രതിരോധ കുത്തിവയ്പ് എടുത്ത ആളുകള്‍ മരിച്ച സാഹചര്യത്തില്‍ സമൂഹത്തില്‍ പൊതുവേ ഭയം നിലനില്‍ക്കുന്നുണ്ട്. ഇതു മറികടക്കാന്‍ സര്‍ക്കാറിനു കഴിയണം.
ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാനുള്ള സര്‍ക്കാര്‍ നീക്കം. ഒരു തെരുവു നായയെ പിടിച്ചാല്‍ 300 രൂപയാണ് പുതുക്കിയ നിരക്ക്. തദ്ദേശസ്ഥാപനങ്ങളാണ് ഈ കൂലി നല്‍കേണ്ടത്.
ഒരു നായയെ പിടിക്കാന്‍ മൂന്നുപേരെങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഏതു ജോലിയും ചെയ്യാന്‍ ഇത്തരം തൊഴിലാളികള്‍ക്ക് മടിയില്ലാത്തതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ജീവനക്കാരുടെ കുറവ്
തെരുവു നായ്ക്കളെ കുത്തിവയ്ക്കുന്നതിനു ആവശ്യമായ ജീവനക്കാര്‍ ഇല്ലാത്ത പ്രശ്നവും സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നുണ്ട്.മൃഗാശുപത്രികളിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരാണ് കുത്തിവയ്പ് നടത്തേണ്ടത്.
എന്നാല്‍ മിക്ക ജില്ലകളിലും ഈ തസ്തികയില്‍ ആളുകളുടെ കുറവുണ്ട്. കോഴിക്കോട് ജില്ലയില്‍ മൃഗാശുപത്രികളിലും സബ്സെന്ററുകളിലുമായി നിലവില്‍ 29 ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാരുടെ ഒഴിവുണ്ട്.
ഇതില്‍ ആറെണ്ണം പ്രമോഷന് തസ്തികയാണ്. ബാക്കി 23 എണ്ണം പിഎസ് സി വഴി നിയമനം നടത്തേണ്ടതാണ്. മൊത്തം 179 ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ വേണ്ട സ്ഥാനത്ത് 150 പേരാണ് നിലവിലുള്ളത്.
മറ്റു ജില്ലകളിലും ഇതേ അവസ്ഥയാണ്. ഈ തസ്തികയില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലിക നിയമനം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
വെറ്ററിനറി ഡിപ്ളോമയുള്ളവര്ക്കും പാരാ മെഡിക്കല്‍ ജീവനക്കാര്‍ക്കും കത്തിവയ്പിനുള്ള പരിശീലനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനു കാലതാമസം നേരിടും.
നായകളുടെ ഗ്രൂപ്പുകൾ..!
തെരുവു നായ്ക്കളെ പിടികൂടുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ക്കു കനത്ത വെല്ലുവിളിയാണ്. ഒരു പഞ്ചായത്തില്‍ ഏതാണ്ട് 20 വാര്‍ഡുകള്‍ ഉണ്ടാവും.
ഇതില്‍ കൂടുതലുള്ള ഗ്രാമപഞ്ചായത്തുകളും ഉണ്ട്.ഓരോ ഗ്രാമപഞ്ചായത്തിലും നൂറുകണക്കിന് തെരുവനായ്ക്കള് ആണുള്ളത്.
ഓരോ ചെറിയ ഗ്രാമങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ച് ഇവ പെറ്റുപെരുകിയിട്ടുണ്ട്. ഓരോ നൂറു മീറ്ററിലും നായ്ക്കളുടെ ഗ്രൂപ്പുകള്‍ കാണാം.
ഓരോ ഗ്രൂപ്പിലും ശരാശരി പത്തെണ്ണമെങ്കിലും ഉണ്ടാവും. ഇവയെ പിടികൂടി കുത്തിവയ്ക്കുന്നതാണ് വെല്ലുവിളി.ഇതിനെ പിടികൂടി കുത്തിവച്ചശേഷം അടയാളം രേഖപ്പെടുത്തി അവിടെതന്നെ വിടണം.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ഇതിന് മിനിമം ഒരു ഡസനോളം നായപിടിത്തക്കാര്‍ എങ്കിലും വേണ്ടിവരും. കുത്തിവയ്ക്കാന്‍ ഒന്നോ രണ്ടോ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ മാത്രമാണ് മൃഗുശുപത്രികളിലുള്ളത്.
പഞ്ചായത്ത് തലത്തില്‍ ഏകീകരണം നടത്തിവേണം നായ പിടിത്ത കേന്ദ്രം തീരുമാനിക്കാന്‍. ജില്ലാതലത്തില്‍ കുത്തിവയ്പ് ആവശ്യത്തിന് നാലംഗ സമിതിക്കു സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.