ബംഗാളി സിനിമ, സീരിയല്‍ താരം ബിതസ്ത സാഹയെ(28) തെക്കന്‍ കോല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയില്‍ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ പോയി വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു. കൈ ഞരമ്പുകള്‍ മുറിഞ്ഞു രക്തം വാര്‍ന്നൊലിച്ച നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ചിലനാളുകളായി ഫ്‌ളാറ്റില്‍ തനിയെ താമസിക്കുകയായിരുന്നു സാഹ.
ബന്ധുക്കള്‍ പലതവണ വിളിച്ചിട്ടും ഫോണും എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ഫ്‌ളാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഗാര്‍ഫ പോലീസ് എത്തി നടപടികള്‍ സ്വീകരിച്ചു. നടി ജീവനൊടുക്കിയത് ആകാമെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അയച്ചു. നടിയുടെ ഫേസ്ബുക്ക് പേജില്‍ ജീവിതം അവസാനിപ്പിക്കുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകളുണ്ടെന്ന് പോലീസ് പറയുന്നു.
എന്നാല്‍ ബിതസ്തയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മരിച്ചനിലയില്‍ കണ്ടെത്തുമ്പോള്‍ അവരുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോലീസും ഇത് ശരിവയ്ക്കുന്നുണ്ട്. ബിതസ്ത കുറച്ചുനാളായി വിഷാദരോഗിയായിരുന്നുവെന്ന സൂചനയാണ് അവരുടെ സുഹൃത്തുക്കളും നല്കുന്നത്. മറ്റുള്ളവരുമായി അടുത്തിടപഴകാന്‍ അവര്‍ വിമുഖത കാട്ടിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് പോലീസ്.