ആലുവ: ഇതര സംസ്ഥന തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് ആലുവയെ വീണ്ടും കോവിഡ് രോഗ വ്യാപന ഭീതിയിലാക്കുന്നു.
റിസർവേഷൻ ട്രെയിനുകളിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന തൊഴിലാളികൾ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൂട്ടത്തോടെ ബസുകളടക്കമുള്ള വാഹനങ്ങളിൽ കിഴക്കൻ മേഖലകളിലേക്ക് ജോലി തേടി പോകുന്നതാണ് രോഗവ്യാപന ഭീഷണിയുയർത്തുന്നത്.
ഇവരിൽ പലരും തൊഴിൽദാതാക്കളെ കാത്ത് ദിവസങ്ങളോളം റെയിൽവേ സ്റ്റേഷനിൽ തങ്ങുന്നതും പതിവാണ്.കഴിഞ്ഞ ദിവസം പശ്ചിമബംഗാളിൽ നിന്നെത്തിയ ഷാലിമാർ എകസ്പ്രസിൽ ആലുവയിലിറങ്ങിയത് 300 ഓളം അതിഥിത്തൊഴിലാളികളാണ്.
റെയിൽവേ സ്റ്റേഷനിൽ ആരോഗ്യ വിഭാഗം ജീവനക്കാരോട് പേര് വിവരങ്ങൾ മാത്രം രേഖപ്പെടുത്തിയ ശേഷം പുറത്തിറങ്ങുന്ന ഇവർ കിട്ടുന്ന വാഹനങ്ങളിലാണ് പെരുമ്പാവൂരടക്കമുള്ള കിഴക്കൻ മേഖലകളിലേക്ക് യാത്ര തിരിക്കുന്നത്.
തൊഴിലാളികളിൽ രോഗബാധിതരുണ്ടായേക്കാൻ സാധ്യത ഏറെയുള്ളതിനാൽ പ്രദേശത്ത് വീണ്ടും കോവിഡ് രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തൽ.
കരാറുകാരോ ഏജന്റുമാരോ ഇല്ലാതെ എത്തുന്ന ഇവർ കൃത്യമായ നീരീക്ഷണ നിബന്ധനകൾ പാലിക്കാറില്ല. രോഗവ്യാപനത്തിന് മുൻപ് സർക്കാർ യാത്രാ സംവിധാനങ്ങളൊരുക്കി നാടുകളിലേക്ക് തിരിച്ചയച്ച അതിഥിത്തൊഴിലാളികളാണിപ്പോൾ തൊഴിൽ തേടി തിരികെയെത്തുന്നത്.
ചിലരെ നിരീക്ഷണത്തിന് വിധേയരാക്കാറുണ്ടെങ്കിലും രണ്ട് ദിവസം കഴിഞ്ഞാൽ ജോലിക്ക് പോകാറാണ് പതിവ്.സിൽചാർ എക്സ്പ്രസ്, ഷാലിമാർ എക്സ്പ്രസ് എന്നീ ട്രെയിനുകൾ കൂടാതെ ബസുകളിലും ലോറികളിലുമായി ആലുവയിലെത്തുന്ന ഇവർ കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് എന്ത് തൊഴിലും ചെയ്യാൻ തയാറാകുകയാണ്.
അതേസമയം വ്യവസായ മേഖലകളിൽ പ്രവർത്തനം മന്ദഗതിയിലായതിനാൽ തിരിച്ചെത്തിയ തൊഴിലാളികളിൽ നൂറിലധികം പേർ കഴിഞ്ഞ ദിവസംതന്നെ ഗോഹട്ടിയിലേക്ക് തിരിച്ച് പോയിരുന്നു.