കോട്ടയം: കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നതോടെ ജില്ലയിലെ നിർമാണ മേഖല അടക്കമുള്ള വിവിധ മേഖലകൾ സ്തംഭനാവസ്ഥയിൽ.
വിവിധ മേഖലകളിൽ കച്ചവടം കുറഞ്ഞതും, രോഗം പടരുന്നതായുള്ള ഭീതി പടർന്നതുമാണ് ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ജില്ലയിൽ നിന്നു അയ്യായിരത്തിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ മടങ്ങിയതായാണു സൂചന.
നിർമാണ മേഖലയിലും ഹോട്ടൽ മേഖലയിലുമാണ് പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്നത്. കെട്ടിടനിർമാണവും മേസ്തിരിപ്പണിയും അടക്കമുള്ള മേഖലകളിൽ ഇപ്പോൾ ഇവരാണ് കൂടുതലുള്ളത്.
ഇതു കൂടാതെയാണ് ഹോട്ടലുകളിലെ സ്ഥിതി. ഹോട്ടലുകളിൽ സപ്ലൈ മുതൽ പാചകം വരെയും ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. കൊറോണയുടെ ഭാഗമായി ഹോട്ടലുകളിൽ കച്ചവടവും വരുമാനവും കുറഞ്ഞിട്ടുണ്ട്.
ഇതോടെ പല ഹോട്ടലുകളും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഇത്തരത്തിൽ തൊഴിലാളികളെ വെട്ടിക്കുറച്ചത് ആദ്യം ബാധിച്ചത് ഇതര സംസ്ഥാന തൊഴിലാളികളെയാണ്.
ഇവരെയാണ് ആദ്യം പറഞ്ഞു വിട്ടത്. ഇതിനു പിന്നാലെ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പ് അധികൃതരും ഇതര സംസ്ഥാന തൊഴിലാളി കേന്ദ്രങ്ങളിൽ പരിശോധനയുമായി എത്തിയതോടെ പലരും കൂട്ടത്തോടെ മടങ്ങുകയായിരുന്നു.