തൊടുപുഴ: മോഷ്ടാവെന്നു തെറ്റിദ്ധരിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ കടയുടമയുടെ മകനും സംഘവും ക്രൂരമായി മർദിച്ചതായി പരാതി. പശ്ചിമ ബംഗാൾ സ്വദേശി ധിബംഗറി (45) നാണ് മർദനമേറ്റത്.
ശനിയാഴ്ച രാത്രി വണ്ണപ്പുറം ടൗണിലെ പച്ചക്കറി കടയിൽ നടന്ന മോഷണത്തെത്തുടർന്നാണ് അക്രമസംഭവത്തിന്റെ തുടക്കം.
ഉടമകൾ സ്ഥാപിച്ച സിസിടിവിയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിരുന്നു. ധിബംഗറിനോടു സാമ്യമുള്ളതായിരുന്നു ദൃശ്യം.
ഇതു കണ്ട കടയുടമയുടെ മകനും സഘവും കാളിയാർ സ്വദേശി പടിക്കൽപറന്പിൽ ബെന്നിയെ വിളിച്ച് ഇദ്ദേഹത്തിന്റെ തൊഴിലാളിയായ ധിബംഗർ എവിടെയെന്ന് അന്വേഷിച്ചു.
ബെന്നിയിൽനിന്നു ധിബംഗർ ജോലി ചെയ്യുന്ന നെയ്യശേരിയിലെ വീട് മനസിലാക്കിയ കടയുടമയുടെ മകനും സംഘവും അവിടെയെത്തി.
മതിൽ പണിയിലേർപ്പെട്ടിരുന്ന ധിബംഗറിനെ ക്രൂരമായി മർദിച്ചു. ധിബംഗറാണ് മോഷ്ടാവെന്ന് കരുതിയായിരുന്നു ഉപദ്രവം.
മർദനം കണ്ട് ഭയന്ന വീട്ടുകാരും അയൽവാസികളും അറിയിച്ചതനുസരിച്ച് കരിമണ്ണൂർ പോലീസും ബെന്നിയും സ്ഥലത്തെത്തി. അപ്പോഴേക്കും കാളിയാർ പോലീസും എത്തിയിരുന്നു.
ഇതിനിടെ, ആളുമാറിയാണ് മർദനമെന്നു മനസിലായ കടയുടമയുടെ മകനും സംഘവും സ്ഥലത്തുനിന്നു മുങ്ങി. കുഴഞ്ഞുവീണ ധിബംഗറിനെ ഉടൻതന്നെ തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശരീരമാസകലം മുറിവും മൂത്രതടസവും നേരിട്ടതിനാൽ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ മൊഴി ലഭിക്കുന്നതനുസരിച്ച് കേസെടുക്കുമെന്ന് കാളിയാർ പോലീസ് പറഞ്ഞു.