മൂവാറ്റുപുഴ:നഗരത്തിലും സമീപ പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളി ക്യാന്പുകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുയർത്തുന്നതായി പരാതി. കക്കൂസ് മാലിന്യമടക്കം ഒഴുകിയെത്തി വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പലയിടങ്ങളിലും ഇവരുടെ ജീവിതം.
കീച്ചേരിപ്പടി, മഠത്തികോളനി, നിരപ്പ്,പെരുമറ്റം,പേഴയ്ക്കാപ്പിള്ളി തുടങ്ങി നിരവധി സ്ഥലങ്ങളിൽ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നത്. പ്രാഥമികാവശ്യം നിറവേറ്റാൻ പോലും സൗകര്യമില്ലാത്ത സ്ഥലങ്ങളിലാണ് ഇവരിൽ ഭൂരിഭാഗം പേരും കഴിയുന്നത്.
ഒരോ ചെറിയ മുറിയിലും പത്തോളം പേരെയാണ് പാർപ്പിച്ചിരിക്കുന്നത്. ഒരാളിൽ നിന്നും 1000 രൂപയാണ് വാടകയായി ഈടാക്കുന്നത്. ഇതേപോലെ നിരവധി മുറികളാണ് യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമൊരുക്കാതെ നിർമിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പലവട്ടം കയറിയിറങ്ങുന്നുണ്ടെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേവും ശക്തമാണ്.
കക്കൂസുകളിൽനിന്ന് ഒഴുകിയെത്തുന്ന മാലിന്യം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും പതിക്കുകയാണെന്ന പരാതിയുമുണ്ട്. ഇവിടങ്ങളിൽ താമസിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും പോലീസിനു ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇവിടങ്ങളിൽ ആരെല്ലാം വരുന്നു, താമസിക്കുന്നു എന്നതു സംബന്ധിച്ച് കെട്ടിട ഉടമയ്ക്കു പോലും അറിയില്ലെന്നും ആക്ഷേപമുണ്ട്.
ക്യാന്പുകളിൽ ലഹരി മരുന്നിന്റെ ഉപയോഗവും കൈമാറ്റവും വൻ തോതിൽ നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. മന്തും മലേറിയയുമടക്കമുള്ള പകർച്ചവ്യാധികൾ മേഖലയിൽ വ്യാപിക്കുന്പോഴാണ് അന്യ സംസ്ഥാന ക്യാന്പുകളിൽ ശുചിത്വമില്ലാത്ത അവസ്ഥ.