ചങ്ങനാശേരി: പായിപ്പാട് വെള്ളാപ്പള്ളിയിലുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാന്പിൽ മുഖംമൂടി ആക്രമണം നടത്തി പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ മൂന്നംഗ സംഘം പിടിയിലായതായി സൂചന. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി മൂന്നംഗസംഘത്തെ പിടികൂടിയത്.
പായിപ്പാട് നാലുകോടി പ്രദേശങ്ങളിലുള്ളവരാണ് പിടിയിലായവർ. പ്രതികളെ കൂടുതൽ ചോദ്യംചെയ്തുവരുന്നു.
ഇത്തിത്താനത്തു വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കേസിലെ പ്രതികൾ ഉൾപ്പെടെയുള്ളവർ സംഭവത്തിനുപിന്നിലുള്ളതായാണു സൂചന.
സംഭവവുമായി ബന്ധപ്പെട്ട് ഇനി മൂന്നുപേരെക്കൂടി പിടികൂടാനുള്ളതായും സൂചനയുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 12.30-ഓടെയാണു മുഖംമൂടിവച്ച ആറംഗസംഘം പായിപ്പാട്ടുള്ള ഇതരസംസ്ഥാന തൊഴിലാളി ക്യാന്പിലെത്തി തൊഴിലാളികളുടെ കഴുത്തിൽ കത്തിവച്ച് ബലപ്രയോഗത്തിലൂടെ പണവും മൊബൈൽ ഫോണുകളും കവർച്ചചെയ്തത്.