പിറവം: വൃത്തിഹീനമായിക്കിടക്കുന്ന ഷെഡുകളിൽ തൊളിലാളികളെ താമസിപ്പിക്കുന്നതിനെതിരെ നഗരസഭ നോട്ടീസ് നൽകിയിട്ടും നടപടിയാകുന്നില്ല. കൂടംകുളം പദ്ധതിയുമായി ബന്ധപ്പെട്ട് ടവർലൈൻ വലിക്കുന്നതിനായി കൊണ്ടുവന്നിരിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയാണ് രണ്ട് ഷെഡുകളിലായി കുത്തിനിറച്ച് താമസിപ്പിച്ചിരിക്കുന്നത്.
കക്കാട് സ്കൂൾ റോഡിന് സമീപമുള്ള രണ്ട് ഷെഡുകളിലായി 180-ഓളം തൊഴിലാളികളാണ് താമസിക്കുന്നത്. ഇവർക്ക് ഉയോഗിക്കുന്നതിനായി ഒരു ശുചിമുറി മാത്രമാണ് ഇവിടെയുള്ളത്. തൊഴിലാളികൾ ഭൂരിഭാഗവും സമീപത്തുള്ള പാടശേഖരവും പുരയിടവും കാര്യ സാധ്യത്തിന് ഉപയോഗിക്കുന്പോൾ വൻ പരിസ്ഥിതി പ്രശ്നങ്ങൾക്കാണ് ഇടവരുത്തുന്നത്.
ഇത് സംബന്ധിച്ച് നാട്ടുകാരുടെ പരാതിയെത്തുടർന്ന് നഗരസഭയുടെ ആരോഗ്യ വിഭാഗം അധികൃതർ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഷെഡ് അടച്ചുപൂട്ടാൻ നോട്ടീസ് പതിപ്പിച്ചെങ്കിലും ഇതിന് പുല്ലുവില പോലും കൽപ്പിക്കാതെ തൊഴിലാളികളെ താമസിപ്പിച്ചിരിക്കുകയാണ്.
ഇതര സംസ്ഥാന തൊഴിലാളികളെ അനധികൃതമായും, വൃത്തിഹീനമായ സാഹചര്യത്തിലും, ഏതു നിമിഷവും പകർച്ചവ്യാധി പൊട്ടിപുറപ്പെടാവുന്ന സ്ഥിതിയിലും, മതിയായ ശുചീകരണ സംവിധാനങ്ങളില്ലാതെയുമാണ് താമസിപ്പിച്ചിരിക്കുന്നതെന്ന് നോട്ടീസിൽ ചൂണ്ടിക്കാണിക്കുന്നു.
രാമമംഗലം സ്വദേശിയാണ് തൊഴിലാളികളെ താമസിപ്പിക്കുന്നതിന് ഷെഡുകൾ വാടകയ്ക്കെടുത്തിരിക്കുന്നത്. ഷെഡിന്റെ ഉടമ വിദേശത്തുമാണ്. മഴക്കാലമായതിനാൽ പകർച്ചവ്യാധി പടർന്നുപിടിക്കാനുള്ള സാധ്യത ഏറെയുള്ളതിനാൽ നാട്ടുകാർ ഏറെ ആശങ്കയിലാണ്. എത്രയും വേഗം സ്ഥാപനം അടച്ചുപൂട്ടണമെന്ന് വാർഡ് കൗണ്‍സിലർ ഷൈബി രാജു ആവശ്യപ്പെടുന്നു.