തോമസ് വർഗീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്കും യൂണിയന് വരുന്നു. സിഐടിയുവിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള ക്രമീകരണം ഒരുക്കുന്നത്.
അതിഥി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മേഖലാതല യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാന്‍ സിഐടിയു ജില്ലാ ഘടകങ്ങള്‍ക്ക് സംസ്ഥാന നേതൃയോഗം നിർദ്ദേശം നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഇതിനോടകം മേഖലാതല യോഗങ്ങള്ക്കുളള ക്രമീകരണങ്ങളും ആരംഭിച്ചു.
മേഖലാതല കണ്‍വന്‍ഷനുകള്‍ക്കുശേഷം ജില്ലാതല കണ്‍വന്‍ഷനുകളും തുടര്‍ന്ന് സംസ്ഥാനതലത്തില്‍ വിപുലമായ ഒരു കണ്‍വന്‍ഷനുമാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനതല കണ്വന്ഷന് അതിഥിതൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ള എറണാകുളം ജില്ല കേന്ദ്രീകരിച്ച് നടത്താനാവും സാധ്യത.
സംസ്ഥാനത്തേക്ക് അതിഥിതൊഴിലാളികളായി എത്തുന്നതില്‍ കൂടുതലും ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നാണ്.
അതിഥി തൊഴിലാളികളുടെ സംസ്ഥാനതല കണ്‍വന്‍ഷനുശേഷം ഒരു സംഘടിത രൂപമായി സംഘടന എന്ന ആശയവും ലക്ഷ്യമിടുന്നു.
ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തൊഴിലാളികളുടെ മദ്യം, മയക്കുമരുന്ന് ഉപയോഗങ്ങള്ക്കെതിരേ പരമാവധി ബോധവത്കരണം ഉള്‍പ്പെടെയുള്ളവ മേഖലാതല കണ്വന്ഷനുകളിലൂടെ ലക്ഷ്യമിടുന്നുണ്ട് .
അതിഥിതൊഴിലാളികള്‍ ഇല്ലെങ്കില്‍ കേരളത്തിലെ നിര്‍മാണ മേഖല സ്തംഭിക്കുന്ന സാഹചര്യമാണു നിലവിലുള്ളത്. കാര്‍ഷിക മേഖലയിലേക്കും ഇപ്പോള്‍ വന്‍തോതില്‍ അതിഥി തൊഴിലാളികള്‍ എത്തുന്നുണ്ട്.
തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ വച്ച രേഖപ്രകാരം സംസ്ഥാനത്ത് ഈ വര്‍ഷം മാര്‍ച്ച് വരെ 5.13 ലക്ഷം അതിഥി തൊഴിലാളികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി തൊഴിലാളികള്‍ കേരളത്തില്‍ തൊഴില്‍ ചെയ്യുന്നുവെന്നതും യാഥാര്‍ഥ്യമാണ്.മുൻപ് തമിഴ്നാട്ടിൽനിന്നുമുള്ള തൊഴിലാളികൾ വൻതോതിൽ കേരളത്തിൽ തൊഴിൽ തേടി എത്തിയപ്പോൾ അവരെ സംഘടിപ്പിച്ചു തമിഴ് മൻട്രം രൂപീകരിച്ചിരുന്നു.