കോഴിക്കോട് : കേരളത്തിൽ ജോലിതേടിയെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ നിരവധി ക്രിമിനലുകൾ. ശനിയാഴ്ച രാതി കോഴിക്കോട് ജില്ലയിലെ ഓമശേരിയിൽ തോക്കുചൂണ്ടി ജ്വല്ലറി കവർച്ച നടത്തി രക്ഷപെട്ടവരെ പിടികൂടാൻ പോലീസ് അന്വേഷണം ഊർജിതമാക്കുന്പോഴും ബയോമെട്രിക് വിവരശേഖരണമെന്ന പഴയ പ്രഖ്യാപനം നിറവേറ്റാൻ ഇതുവരെ ആഭ്യന്തരവകുപ്പിന് ആയിട്ടില്ല.
കുറ്റകൃത്യങ്ങളില്‍ മറുനാടന്‍ തൊഴിലാളികളുടെ പങ്ക് വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെ ബയോമെട്രിക് വിവരശേഖരണം ആരംഭിച്ചത്. സംസ്ഥാനത്ത് എത്തുന്ന മറുനാടന്‍ തൊഴിലാളികളുടെ പേരോ വിലാസമോ തിരിച്ചറിയല്‍ രേഖകളോ തൊഴിലുടമയുടെ പക്കല്‍ പോലുമില്ലാത്ത അവസ്ഥയായിരുന്നു. ഇത് കേസന്വേഷണ ഘട്ടത്തില്‍ പോലീസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് ആധാര്‍ കാര്‍ഡ് മാതൃകയില്‍ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന പദ്ധതിക്ക് കോഴിക്കോട് നടക്കാവ് ജനമൈത്രി പോലീസ് തുടക്കമിട്ടത്.
പോലീസ് സ്റ്റേഷന് പരിധിയിലുള്ള ഇതര സംസ്ഥാനക്കാരെ സ്റ്റേഷനിലത്തെിച്ച് അവരുടെ പത്ത് വിരലുകളും ബയോമെട്രിക് സ്കാനര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതാണ് യൂണിവേഴ്സല്‍ ബ്രദര്‍ഹുഡ് ആന്‍ഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റം. ഓരോ തൊഴിലാളിയുടെയും പേരും വിലാസവും ഫോട്ടോയും വിരലടയാളം ഉള്‍പ്പെടെയുള്ള ബയോമെട്രിക്സ് രേഖകളും ശേഖരിക്കും വിധത്തിലാണ് ബയോമെട്രിക് പദ്ധതി നടപ്പാക്കിയിരുന്നത്. വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം തൊഴിലാളികളുടെ പേരും ഫോട്ടോയും ബയോമെട്രിക് വിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള സുരക്ഷാ കാര്‍ഡും നല്‍കും.
തൊഴിലാളികള്‍ നല്കുന്ന വിവരങ്ങള്‍ സത്യമാണോ എന്ന് ഉറപ്പുവരുത്താനായി അതത് സംസ്ഥാനങ്ങളിലെ അധികൃതരുമായി ബന്ധപ്പെട്ട് പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. ഇത് പിന്നീട് നിലച്ചു.സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂറിന്റെ സഹായത്തോടെ സ്റ്റേഷനില്‍ ഇതിനായി പ്രത്യേക ഓഫീസും കമ്പ്യൂട്ടര്‍, സ്കാനര്‍ തുടങ്ങിയ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. നടക്കാവ് എസ്ഐയായിരുന്ന ജി. ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി. ബൈജു, ഹോം ഗാര്‍ഡ് അബ്ദുല്‍ സലാം എന്നിവരായിരുന്നു പദ്ധതി നടപ്പാക്കാന്‍ മുന്നിട്ടിറിങ്ങിയത്.
ഫ്ളാറ്റുകള്‍, സ്ഥാപനങ്ങള്‍, കച്ചവടകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി തൊഴിലാളികളെ ജോലിക്ക് വെക്കുന്ന കേന്ദ്രങ്ങളിലെല്ലാം ജനമൈത്രി പോലീസ് പരിശോധന നടത്തി 900 തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു. 2016 ജൂണില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നതെങ്കിലും പിന്നീട് വന്ന പോലീസുദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ ശേഖരിച്ച് പദ്ധതി നടപ്പാക്കുന്നതില്‍ താത്പര്യമുണ്ടായില്ല. ഇതോടെ ബയോമെട്രിക് പദ്ധതിയും നിലച്ചു.