സ്വന്തം ലേഖകൻ
തൃശൂർ: ഇതര സംസ്ഥാന തൊഴിലാളിയെ കടയ്ക്കു മുന്നിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
ചിയ്യാരം ഒല്ലൂക്കാവ് ക്ഷേത്രത്തിന് സമീപമുള്ള സൂപ്പർമാർക്കറ്റിന് മുന്നിലാണ് മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സോഡ കുപ്പികൊണ്ട് കുത്തേറ്റ് രക്തം വാർന്ന് മരിച്ചതാണെന്ന് കരുതുന്നു. പൊട്ടിയ സോഡ കുപ്പി അടുത്തു കിടക്കുന്നുണ്ട്.
ബംഗാളിയാണെന്നാണ് പോലീസ് സംശയിക്കുന്നത്. 30-35 വയസ് പ്രായം തോന്നിക്കും. ഇന്നുരാവിലെ പത്രവിതരണത്തിന് എത്തിയവരാണ് മൃതദേഹം കണ്ടതും വിവരം പോലീസിൽ അറിയിച്ചതും.ഇയാൾ ഇന്നലെ രാത്രി ഈ മേഖലയിലെ കടകളിൽ ചെന്ന് സാധനങ്ങൾ വാങ്ങി പൈസ കൊടുക്കാതെ പോകാൻ ശ്രമിച്ചതായി സൂചനകളുണ്ട്.
മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച ഇയാളെ കടക്കാർ വെറുതെ വിടുകയും ചെയ്തു. ഇതുവഴി പോയ വാഹനങ്ങൾക്ക് മുന്നിലേക്ക് ചാടാൻ ഇയാൾ ശ്രമിച്ചിരുന്നതായും പറയുന്നു.മാനസിക വിഭ്രാന്തിയുള്ള ആളാണെന്ന് തോന്നിയതിനാൽ ആരും ചോദ്യം ചെയ്യാനോ തർക്കത്തിനോ പോയില്ലെന്നാണ് പറയുന്നത്.
എസിപി വി.കെ.രാജുവിന്റെ നേതൃത്വത്തിൽ നെടുപുഴ എസ്ഐ സതീഷ്കുമാറും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡോഗ സ്ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. ഇയാളുമായി രാത്രിയിൽ ആരെങ്കിലും തർക്കമുണ്ടാക്കിയോ എന്നും മറ്റു വിശദാംശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ശ്രമം നടത്തുന്നുണ്ട്.