ഗാന്ധിനഗർ: പേവിഷബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ചാടിപ്പോയ ഇതര സംസ്ഥാന തൊഴിലാളിയുടെ നില ഗുരുതരമായി തുടരുന്നു.
ഇന്നലെ രാവിലെ 6.30 ന് കുടമാളൂർ സ്കൂളിന് സമീപത്തു നിന്നും പിടികൂടിയ ഇയാളെ തുടർന്ന് മെഡിക്കൽ കോളജിലെ സാംക്രമിക രോഗ പ്രത്യേക വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു.
അക്രമണ സ്വഭാവം പ്രകടമാക്കാവുന്നതിനാൽ പ്രത്യേക സുരക്ഷയാണ് നൽകിയിട്ടുള്ളത്. ആസാം സ്വദേശി ജീവൻ ബറുവ (39) യാണ് പേ വിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ബുധനാഴ്ച രാത്രി 12.30 ന് അത്യാഹിത വിഭാഗത്തിൽ നിന്നുമാണ് ഇയാൾ ചാടിപ്പോയത്. ഇന്നലെ രാവിലെ കുടമാളൂരിൽ നിന്നും പോലീസ് ഇയാളെ പിടികൂടി.
നായയയുടെ കടിയേറ്റ ജീവൻ ബറുവയെ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിൽ നിന്നും വിദഗ്ദ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
രാത്രി 10 ന് എത്തിയ ബറുവയെ സാംക്രമിക രോഗ വിഭാഗത്തിലെ ഡോക്ടർമാർ പരിഗേധനയ്ക്ക് വിധേയമാക്കുകയും പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്ന് ഇയാളുടെ കൂടെയുള്ള സുഹൃത്തുക്കളോടും നിരീക്ഷണത്തിൽ കഴിയുവാൻ നിർദ്ദേശിച്ചു.ബറുവയും കൂടെയുള്ളവരും രാത്രിയിൽ ചാടിപ്പോയത് മനസിലാക്കിയ ആശുപത്രി അധികൃതർ ഉടൻ പോലീസിൽ വിവരമറിയിച്ചു.
ജില്ലാ പോലീസ് മേധാവി ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകുകയും വൻ പോലീസ് സംഘത്തിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും ഇന്നലെ പുലർച്ചവരെ പരിശോധന നടത്തുകയും ചെയ്തു.
കുടമാളൂർ ഗവണ്മെന്റ് എൽപി സ്കൂളിന് പരിസരമുള്ള കാഞ്ഞിരത്തിങ്കൽ അമ്മിണിയുടെ വീട്ടുപരിസരത്തും സമീപ പുരയിടത്തിലുമായി ബറുവ രാത്രി മുഴുവൻ കഴിച്ചുകൂട്ടി.
ഇന്നലെ രാവിലെ 6.30 ന് വീടുകളിൽ പത്രമിടാനെത്തിയ ഏജന്റ് അനിൽ കുമാറിന്റെ നേരേ ഇയാൾ പട്ടിക കഷ്ണവുമായി ആക്രമിക്കാൻ വരുകയായിരുന്നു.
അനിൽ അലറി വിളിച്ചുകൊണ്ട് റോഡിലേക്ക് ഓടി.വഴിക്ക് കാൽ തെറ്റി വീണ അനിലിന്റെ അലർച്ച കേട്ട് പരിസരത്തു റോന്തുചുറ്റിയിരുന്ന പോലീസ് എത്തി.
ഒരാൾ തന്നെ ആക്രമിക്കാൻ വന്ന വിവരം അനിൽ പോലീസിനോട് പറയുകയും പോലീസ് ബറുവയെ പിടികൂടുകയായിരുന്നു.
തുടർന്ന് കണ്ട്രോൾ റൂം എസ്ഐ ടി.കെ. അനിൽകുമാർ, വെസ്റ്റ് എസ്ഐ സി. സുരേഷ്, സീനിയർ സിപിഒമാരായ മുഹമ്മദ് സമീർ, വിജേഷ് കുമാർ എന്നിവർ മെഡിക്കൽ കോളജിലെ രണ്ടു ആംബുലൻസ് ജീവനക്കാരുടേയും സഹായത്തോടെ ബറുവയെ സാഹസികമായി പിടികൂടി മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.
ഇയാളുടെ ഒപ്പമുണ്ടായിരുന്ന രണ്ടു പേരേയും പോലീസ് പിടികൂടി മെഡിക്കൽ കോളജിലെത്തിച്ചു. ആരോഗ്യനില ഗുരുതരമായി തുടരുന്ന ബറുവയെ ഉടൻ സാംക്രമിക രോഗ പ്രത്യേക വിഭാഗത്തിലും ഒപ്പമുണ്ടായിരുന്നവരെ നിരീഷണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
ബറുവയെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥർക്കും മെഡിക്കൽ കോളജ് ജീവനക്കാർക്കും പേ വിഷബാധ കുത്തിവയ്പ് നടത്തി.