മംഗലം ശങ്കരൻകുട്ടി
ഷൊർണൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്താനുള്ള ഇ-രേഖ സോഫ്റ്റ്വെയർ ഡിസംബറിനുള്ളിൽ പൂർത്തീകരിക്കണമെന്ന് ഉത്തരവ്. അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ വന്നെത്തുന്ന സാഹചര്യം കണക്കിലെടുത്താണ് അടിയന്തരമായി ഇവരുടെ വിവരശേഖരണം നടത്തണമെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ബിഹാർ, ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ പേർ തൊഴിൽതേടി എത്തിയിട്ടുള്ളത്.
ഇതിനുപുറമെ ബംഗ്ലാദേശിൽനിന്നും വിദേശപൗരന്മാരും എത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തരവകുപ്പിനു ലഭ്യമായിട്ടുള്ള വിവരം. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടശേഷം നാടുവിട്ടുപോന്നവരും ഇവരിലുണ്ടാവാം. തൊഴിലിടങ്ങളിൽ കുറ്റകൃത്യം നടത്തിയതിനുശേഷം മുങ്ങിയാൽ കണ്ടെത്താൻ ഒരുവഴിയുമില്ലാത്ത സാഹചര്യംകൂടി പരിഗണിച്ചാണ് മുഴുവൻ പേരുടെയും വിശദവിവരങ്ങൾ സമാഹരിക്കാൻ തീരുമാനമെടുത്തത്.
തൊഴിലാളികളായി ഇവിടെ എത്തിയവരുടെ മേൽവിലാസം, തിരിച്ചറിയൽ കാർഡ് നന്പർ, വീടിനുസമീപത്തെ പോലീസ് സ്റ്റേഷൻ, സ്പോണ്‍സറുടെ വിവരങ്ങൾ, ജോലി, ഫോട്ടോ എന്നിവയാണ് സോഫ്റ്റ്വെയറിലൂടെ സമാഹരിക്കേണ്ടത്. ഡിസംബറിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലേയും മറുനാടൻ തൊഴിലാളികളുടെ വിവരശേഖരണവും പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്. വെബ്സൈറ്റിൽനിന്നും പോലീസുകാർക്കു മൊബൈലിലേക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിൽ സോഫ്റ്റ്വെയർ സജ്ജമാക്കിയിട്ടുണ്ട്.
2016ൽ മലപ്പുറത്തെ സൈബർ സംഘമാണ് സോഫ്റ്റ്വെയർ വിപുലീകരിച്ചത്. എന്നാൽ, ഒരുവർഷം കഴിഞ്ഞിട്ടും എല്ലാ സ്റ്റേഷനുകളും സോഫ്റ്റ്വെയർ ഉപയോഗിച്ചു തുടങ്ങിയിട്ടില്ല. തൊഴിലാളികളുടെ ജോലിസ്ഥലത്തു വച്ചുപോലും വിവരശേഖരണം പൂർത്തിയാക്കാവുന്ന രീതി ഉദ്ദേശിച്ചാണ് ഈ ക്രമീകരണമേർപ്പെടുത്തിയിരിക്കുന്നത്. ജനമൈത്രി പോലീസ് ബീറ്റുകളിലെത്തുന്പോൾ മറുനാടൻ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഡിസംബറിൽ വിവരശേഖരണം പൂർത്തിയാക്കി ജനുവരിയിൽ എല്ലാവർക്കും കാണാവുന്ന രീതിയിൽ ഇക്കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുമെന്നും പോലീസ് അധികൃതർ പറഞ്ഞു.