ചെങ്ങന്നൂർ: പാണ്ടനാട് പിഎച്ച് സെന്ററിനു സമീപത്തു നിന്നും ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചുപോയ വാഹനം പിടികൂടി. ഇന്നലെ രാവിലെ 18 ഇതര സംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ച് കൊണ്ടു പോയ ആപ്പേ ട്രക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്.
പിഎച്ച് സെന്ററിൽ ഈ സമയം കോവിഡ് പരിശോധന നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ഹെൽത്ത് സൂപ്പർവൈസർ കെ. ആറു, ജൂണിയർ ഹെൽത്ത് ഉദ്യോഗസ്ഥൻ വി.എസ് ബിജു, ജെപിഎച്ച്എൻ അനീസ, ഡ്രൈവർ ജോസ് എന്നിവരുൾപ്പെട്ട സംഘമാണ് വാഹനം പിടികൂടിയത്.
18 അംഗ ഇതര സംസ്ഥാന തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ പകുതിയിൽ അധികം പേർക്കും മാസ്കും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഒരാഴ്ച മുന്പ് ഈ വാഹനത്തിൽ സാമൂഹിക അകലം പാലിക്കാതെ നിശ്ചിത അളവിൽ കൂടുതൽ ആളെക്കയറ്റി കൊണ്ടുപോയതിന് വാഹന ഉടമയ്ക്ക് താക്കീത് നൽകിയതായി പാണ്ടനാട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇതു വകവയ്ക്കാതെയാണ് വീണ്ടും ഇന്നലെ ആളെ കുത്തിനിറച്ചു കൊണ്ടുപോയത്. സമീപ പ്രദേശങ്ങളിൽ നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തേക്കാണ് ഇവരെ എത്തിക്കുന്നത്.
തുടർനടപടിക്കായി വാഹനവും ഡ്രൈവറെയും തൊഴിലാളികളെയും ചെങ്ങന്നൂർ പോലീസിനു കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിന്റെ പിറകിലെ നന്പർ പ്ലേറ്റ് പോലും ഉണ്ടായിരുന്നില്ല.
ഇതിനിടയിൽ വാഹനം വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ചില രാഷ്ട്രീയ നേതാക്കൾ ഇടപെട്ടതായും അറിയുന്നു. പാണ്ടനാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ കോവിഡ് രോഗബാധ കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ കോവിഡ് മാനദണ്ഡം പാലിക്കാതെയുള്ള പ്രവൃത്തികൾ നടത്തുന്നത്.