പയ്യന്നൂര്‍: നിര്‍ധനരായ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് അതിഥിതൊഴിലാളികളുടെ സഹായഹസ്തം. ആസാം സ്വദേശികളായ തൊഴിലാളികളാണ് വിദ്യാര്‍ഥികളെ സഹായിക്കാനായി വാങ്ങിയ മൊബൈല്‍ ഫോണ്‍ അര്‍ഹരായവര്‍ക്ക് നല്‍കാനായി പയ്യന്നൂര്‍ നഗരസഭ ചെയര്പേഴ്സന് കെ.വി.ലളിതയെ ഏല്‍പ്പിച്ചത്.
കോവിഡ് കാലത്ത് സ്കൂള്‍ വിദ്യാര്‍ഥികളുടെ പഠനം ഓണ്‍ലൈനിലായപ്പോള്‍ പലകുട്ടികള്‍ക്കും മൊബൈല്‍ ഫോണില്ലാത്തതിനാല്‍ പഠനം പ്രതിസന്ധിയിലായി.
ഇത്തരത്തിലുള്ള കുട്ടികളെ സഹായിക്കാനായി നാട് കൈകോര്‍ത്തപ്പോഴാണ് പയ്യന്നൂരും പരിസരങ്ങളിലുമായി ജോലി ചെയ്യുന്ന ആസാം സ്വദേശികളും സഹായവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി തായിനേരി, കോറോം എന്നിവിടങ്ങളില്‍ തനിച്ചും കുടുംബമായും താമസിച്ച് കൂലിവേല ചെയ്തു വരുന്ന 13 പേര് ചേര്‍ന്നാണ് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയത്.