കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കാൻ കെട്ടിടങ്ങളിൽ അനധികൃത നിർമ്മാണം നടത്തുന്നവർക്കെതിരേ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളിക്യാന്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ഗരിമ പദ്ധതി പ്രകാരം നടത്തിയ പരിശോധനയിലാണ് പല കെട്ടിടങ്ങളും അനധികൃതമാണെന്ന് കണ്ടെത്തിയത്.
മിക്കയിടത്തും യാതൊരു അനുമതിയുമില്ലാതെ ഒന്നും രണ്ടും നിലകൾ പണിതിട്ടുണ്ട്. ഇവയിൽ ആവശ്യമായ സൗകര്യങ്ങളൊരു ക്കാതെ ഇതര സംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയാണ്. മുറികൾക്ക് ഉൾക്കൊള്ളാനാകാത്ത വിധം ആളുകളെ താമസിപ്പിച്ചിട്ടുണ്ട്. കായക്കൊടിയിൽ നടത്തിയ പരിശോധനയിൽ ടോയ്ലറ്റിലടക്കം തൊഴിലാളികളെ താമസിപ്പിച്ചതു കണ്ടെത്തിയിട്ടുണ്ട്.
ഓരോ വ്യക്തിയിൽ നിന്നും 1500 രൂപ വരെയാണ് വാടക ഈടാക്കുന്നത്. അനധികൃത നിർമ്മാണം നടത്തി തൊഴിലാളികളെ മോശമായ സാഹചര്യത്തിൽ താമസിപ്പിക്കുന്നതു സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനായി ജില്ലാ ടൗണ്‍ പ്ലാനർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, ഡിഎംഒ എന്നിവരെ ചുമതലപ്പെടുത്തി. എഡിഎം ടി. ജനിൽ കുമാർ, ഡിഎംഒ ഡോ.വി. ജയശ്രീ, ഡെപ്യൂട്ടി കളക്ടർ പി.പി. കൃഷ്ണൻകുട്ടി, ലേബർ ഓഫീസർ പി.പി. സന്തോഷ് കുമാർ, ഡിവൈഎസ്പി എം. സുബൈർ എന്നിവർ പങ്കെടുത്തു.