നാദാപുരം: പാറക്കടവിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചെക്യാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പരിശോധന നടത്തി കെട്ടിടം അടച്ച് പൂട്ടാൻ നോട്ടീസ് നൽകി. കുറുവന്തേരി, ഉമ്മത്തൂർ.പാറക്കടവ്., ചെക്യാട്, എന്നിവിടങ്ങളിലെ ഇതര സംസ്ഥാനക്കാരുടെ താമസസ്ഥലവും ജോലി സ്ഥലവുമാണ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിച്ചത്.
രണ്ട് താമസസ്ഥലങ്ങളിൽ പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിൽ മാലിന്യങ്ങൾ കൂട്ടിയിട്ടതിന് കെട്ടിട ഉടമകൾക്ക് നോട്ടീസ് നല്കി. കക്കൂസ് മാലിന്യം പുറത്തേക്കൊഴുക്കിയ ഒരു താമസ സ്ഥലം അടച്ചു പൂടാൻ ഉടമയ്ക്ക് നോട്ടീസ് നൽകി. ഇവിടെ കക്കൂസ് ടാങ്ക് പൊട്ടിമാലിന്യം പുറത്തേക്കൊഴുകുന്നതായി നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു. മഴക്കാലമായതോടെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ മലീമസമായതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു.
പരിശോധനയിൽ ചെക്യാട് പിഎച്ച്സി ഹെൽത്ത് ഇൻസ്പെക്ടർ സിജു.കെ.നായർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമ്മദ്, രോഷ്ന എന്നിവർ പങ്കെടുത്തു. ജൈവഅജൈവ മാലിന്യങ്ങൾ തരംതിരിച്ച് പൊതുജനാരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയിൽ സംസ്കരിക്കണമെന്ന് എല്ലാ കെട്ടിട ഉടമകൾക്കും ആരോഗ്യ വകുപ്പ് നിർദ്ദേശം നല്കി.