കാലടി: കാഞ്ഞൂർ തട്ടാൻപടിയിൽ ഇതരസംസ്ഥാന തൊഴിലാളി വീട്ടിൽ കയറി അമ്മയെയും മക്കളെയും സ്ക്രൂഡ്രൈവറിന് കുത്തിപ്പരിക്കേൽപ്പിച്ചു.
പെരുമായൻ വീട്ടിൽ ലിജി, മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണു കുത്തേറ്റത്. പെയിന്റിംഗ് തൊഴിലാളിയായ ബംഗാൾ സ്വദേശി ജുവൽ ആണ് കുത്തിയത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
വീടിനകത്ത് ഇരിക്കുകയായിരുന്ന ഇവരെ അതിക്രമിച്ചു കയറിയാണ് കുത്തിയത്. പരിക്കേറ്റ അമ്മയെയും മക്കളെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബ്ദം കേട്ട് എത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്നു പ്രതിയെ പിടികൂടി പോലീസിന് കൈമാറി. പ്രതിയുടെ സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റവരുടെ വീടിനു സമീപത്താണ് പ്രതി താമസിക്കുന്നത്.