ചിറ്റൂർ: ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം താലൂക്കിൽ കന്പിളി പുതപ്പുവിൽപ്പനയ്ക്ക് ബംഗാളിൽ നിന്നും യുവാക്കൾ എത്തി തുടങ്ങി. കോവിഡിന്റെ വരവോടെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പുതപ്പ് വിൽപ്പനയ്ക്ക് വരാൻ കഴിഞ്ഞില്ലെന്ന് ബംഗാൾ സ്വദേശി നിർമ്മൽകുമാർ പറയുന്നു.
ആദ്യഘട്ടമെന്ന നിലയിൽ പതിനഞ്ചു യുവാക്കളാണ് താലൂക്കിൽ വ്യാപാരവുമായി എത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ താലൂക്കിൽ മഴ പെയ്തതിനാൽ കന്പിളി വിൽപ്പന തകൃതിയിൽ നടന്നുവരുന്നുണ്ട്.
പൊതുവിപണിയിൽ ആയിരത്തോളം വിലവരുന്ന കന്പിളികൾ 250നും 300നും ലഭിക്കുന്നതിനാൽ ആവശ്യക്കാരും ഏറെയുണ്ട്.
കൊഴിഞ്ഞാന്പാറ, നല്ലേപ്പിള്ളി, വേലന്താവളം, ചിറ്റൂർ, ഗോപാലപുരം, മീനാക്ഷിപുരം ഉൾപ്പെടെ ഗ്രാമീണ ഉൾപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പുതപ്പ് വിൽപ്പന നടന്നു വരുന്നത്. വിവിധ വർണ്ണങ്ങളിലും ഡിസൈനുകളിലുമുള്ള പുതപ്പുകൾ ഗ്രാമീണ ജനങ്ങൾക്ക് കുടുതൽ ഇഷ്ടപ്പെടുന്നത് കച്ചവടക്കാർക്ക് ഗുണകരമായിട്ടുമുണ്ട്.