റെനീഷ് മാത്യു
കണ്ണൂർ: കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിൽ നാലായിരത്തോളം അതിഥി തൊഴിലാളികൾ ഒത്തുകൂടിയ സംഭവത്തെ തുടർന്ന് സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം.
കേരളത്തിലേക്ക് കൊണ്ടുവന്ന അതിഥി തൊഴിലാളികളുടെ എണ്ണവും വിവരങ്ങളും ഏജന്റുമാരോ ഇവർ പണിയെടുക്കുന്ന സ്ഥാപന ഉടമകളോ കൈമാറണം. ഭക്ഷണം അടക്കമുള്ള സാധനങ്ങൾ ഇവർക്ക് ലഭിക്കുന്നുണ്ടോയെന്ന് ഇവർ താമസിക്കുന്ന കെട്ടിട ഉടമകൾ ഉറപ്പു വരുത്തണം. ഇല്ലെങ്കിൽ തദേശസ്ഥാപനങ്ങളെ അറിയിക്കണം.
ഇക്കാര്യങ്ങൾ പോലീസ് ഉറപ്പുവരുത്തണം. അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ ബോധവത്കരണം ശക്തമാക്കണമെന്നും താമസ്ഥലത്ത് നിന്ന് അതിഥി തൊഴിലാളികളെ ഇറക്കി വിടുന്ന കെട്ടിട ഉടമകൾക്കെതിരേ കേസെടുക്കുവാനും ജില്ലാ പോലീസ് മേധാവിമാർക്ക് സംസ്ഥാന പോലീസ് മേധാവി നിർദേശം നല്കിയിട്ടുണ്ട്.
അതേ സമയം അതിഥി തൊഴിലാളികളുടെ ഫോണിലേക്ക് വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് സൈബർ സെൽ അന്വേഷിക്കുന്നുണ്ട്. കേരളത്തിൽ മാത്രമാണ് ലോക്ക് ഡൗൺ എന്നും നിങ്ങളുടെ സംസ്ഥാനങ്ങളിൽ പ്രശ്നങ്ങളില്ലെന്നും അതിനാൽ ഇവിടെ നിന്നു നാട്ടിലേക്ക് പോകണമെന്നും പറഞ്ഞ് പല വ്യാജസന്ദേശങ്ങളും ഇവരുടെ ഫോണിലേക്ക് വരുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളെ ഇവിടെ നിന്നു കൊണ്ടുപോകാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തുമെന്നും വ്യാജസന്ദേശം വരുന്നുണ്ട്.
കണ്ണൂർ നഗരത്തിൽ വന്നാൽ 2,000 രൂപ നല്കാമെന്ന സന്ദേശവും ചിലരുടെ ഫോണിൽ ലഭിച്ചിട്ടുണ്ട്. കണ്ണൂർ ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ വ്യാജ സന്ദേശത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.