നെന്മാറ: മഴ സഹായിച്ചതും പോത്തുണ്ടി വെള്ളം എത്തിയതോടെയും പാടശേഖരങ്ങളിൽ നടീൽ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽനടത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽതുടങ്ങിയത്.തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്.
അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം, തിരുവഴിയാട് പാടശേഖരത്തിൽ കഴിഞ്ഞ ദിവസം നടീൽ പണികൾക്കെത്തിയത് ബംഗാളിലെ പശ്ചിമ കൊൽകത്തയിൽ നിന്നുള്ള മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്.
ഞാറ്റടി പറിച്ച് നടീൽ നടത്തുന്നതിന് ഏക്കറിന് 4500 രൂപയാണ് കൂലിയായി വാങ്ങുന്നതെന്ന് ഇടശ്ശേരി പറന്പ് കെ.ജയരാജൻ എന്ന കർഷകൻ പറഞ്ഞു.
ചില ഭാഗങ്ങളിൽ കർഷകർ ചേറിലാണ് വിതച്ചിരിക്കുന്നത്. എന്നാൽ വിതയിൽ കള പെരുകുമെന്ന പേടിയിലാണ് നെൽപ്പാടങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കിയത്.
കുറച്ച് ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും ബംഗാളി തൊഴിലാളികൾ പണിക്കെത്തിയതോടെ നടീൽ നടത്തുകയായിരുന്നു. പോത്തുണ്ടി ഡാം ജലസേചനത്തിനായി തുറക്കുന്നതിനു മുന്പായി നടീൽ പൂർത്തിയായാൽ ഒന്നാം വളപ്രയോഗം നടത്താമെന്ന പ്രതീക്ഷയിലാണ് കർഷകർ.